കാന്‍പുര്‍: മഴഭീഷണിക്കു നടുവില്‍ ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് വെള്ളിയാഴ്ച തുടക്കം. ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ഗ്രീക്ക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ രാവിലെ 9.30-ന് മത്സരം തുടങ്ങും. മഴയ്ക്കൊപ്പം സുരക്ഷാഭീഷണിയുമുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഹിന്ദു മഹാസഭ രംഗത്തെത്തിയതോടെ നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കി. ആദ്യ മൂന്നുദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുണ്ട്.
പാകിസ്താനെതിരായ പരമ്പരയില്‍ 2-0 ത്തിന് ജയിച്ചശേഷമാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരേ കളിക്കാനെത്തിയത്. എന്നാല്‍, ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന് ജയിച്ച് ഇന്ത്യ സന്ദര്‍ശകര്‍ക്ക് കരുത്തുപോരെന്ന് തെളിയിച്ചു. രണ്ടാം ടെസ്റ്റിനിറങ്ങുമ്പോഴും ഇന്ത്യക്കുതന്നെയാണ് ജയസാധ്യത. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര. ചാമ്പ്യന്‍ഷിപ്പ് പോയിന്റുപട്ടികയില്‍ ഇപ്പോള്‍ ഇന്ത്യ മുന്നിലാണ്. മഴകാരണം കളി മുടങ്ങിയാല്‍, താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിനെതിരേ രണ്ടു മത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റുനേടാന് തയ്യാറെടുക്കുന്ന ഇന്ത്യക്കാകും വലിയ നഷ്ടം.
മൂന്നു സ്പിന്നര്‍മാര്‍ കളിച്ചേക്കും
ഏതു പിച്ചിലാണ് കളിയെന്ന് വ്യാഴാഴ്ച വൈകുന്നേരവും വ്യക്തമായിട്ടില്ല. പിച്ച് ഏത് എന്നതിന്റെ അടിസ്ഥാനത്തിലാകും വെള്ളിയാഴ്ച രാവിലെ ഇലവനെ പ്രഖ്യാപിക്കുക. ആദ്യ ടെസ്റ്റില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ്ദീപ് എന്നീ പേസര്‍മാരും രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ എന്നീ സ്പിന്നര്‍മാരുമാണ് ഇന്ത്യന്‍ ബൗളിങ്ങിലുണ്ടായിരുന്നത്. കാന്‍പുരില്‍ മൂന്നു സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഇടംകൈ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരിലൊരാള്‍ക്ക് അവസരംകിട്ടും. കുല്‍ദീപിന്റെ ഹോം ഗ്രൗണ്ടാണ് കാന്‍പുര്‍.
ബാറ്റിങ് നിരയില്‍ മാറ്റത്തിന് സാധ്യതയില്ല. ചെറിയ പരിക്കിലുണ്ടായിരുന്ന ഷാകിബ് അല്‍ ഹസ്സന് മത്സരത്തിന് സജ്ജനാണെന്ന് ബംഗ്ലാദേശ് ടീം മാനേജ്മെന്റ് അറിയിച്ചു.
ഇതെന്റെ അവസാന ടെസ്റ്റ് ആയേക്കും – ഷാകിബ് അല്‍ ഹസ്സന്
കാന്‍പുര്‍: അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതായി ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസ്സന്. വെള്ളിയാഴ്ച തുടങ്ങുന്ന ഇന്ത്യക്കെതിരായ മത്സരം കരിയറിലെ അവസാന ടെസ്റ്റാകാന്‍ സാധ്യതയുണ്ടെന്നും ഷാകിബ് സൂചിപ്പിച്ചു. സ്വന്തം രാജ്യത്ത് ടെസ്റ്റ് കളിച്ച് വിരമിക്കാനാണ് ആഗ്രഹമെങ്കിലും അത് നടക്കുമെന്ന് ഉറപ്പില്ലെന്ന് ഷാകിബ് പറഞ്ഞു.
ഈയിടെ ബംഗ്ലാദേശില്‍ നടന്ന ആഭ്യന്തര കലാപത്തിനിടെയുണ്ടായ ഒരു കൊലപാതകത്തില്‍ ഷാക്കിബിനെതിരേ കേസുണ്ട്. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നേതൃത്വം നല്കിയ അവാമി ലീഗ് പാര്‍ട്ടിയുടെ അംഗമായിരുന്നു ഷാകിബ്. ഈ സാഹചര്യത്തിലാണ് ഇത് അവസാന ടെസ്റ്റ് മത്സരമാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞത്. സുരക്ഷ നല്‍കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന് ഉറപ്പുനല്‍കിയില്ലെങ്കില്‍ ഈ ടെസ്റ്റിനുശേഷം രാജ്യത്തേക്കു മടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റുവരെ ഏകദിനത്തില്‍ തുടരുമെന്നും ഷാകിബ് പറഞ്ഞു.
2006 ഓഗസ്റ്റില്‍ സിംബാബ് വേക്കെതിരായ ഏകദിനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചുതുടങ്ങിയ ഷാകിബ് പിന്നീട് ടി20, ടെസ്റ്റ് ടീമുകളിലുമെത്തി. ലോകത്തെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായി. ടെസ്റ്റില്‍ 4600 റണ്‍സും 242 വിക്കറ്റും നേടി. ഏകദിനത്തില്‍ 7570 റണ്‍സും 317 വിക്കറ്റും ടി 20 യില്‍ 2551 റണ്‍സും 149 വിക്കറ്റുമുണ്ട്.