കോട്ടയം: ‘‘ഇന്നലെവരെ ഞാൻ നിങ്ങളെ സാറേ എന്ന് വിളിച്ചു. ഇന്ന് ഞാൻ പേര് വിളിക്കുന്നു. എന്റെ പ്രൊഫഷനെന്നനിലയിൽ സിനിമാസംബന്ധമായ ജോലിയിലെ എന്ത് ബുദ്ധിമുട്ടും സഹിക്കാം. പക്ഷേ, പെട്ടിയും തൂക്കി അടിമയെപ്പോലെ നിങ്ങളുടെ പിന്നാലെ നടന്ന് മടുത്തു. ഞാൻ ഈ സിനിമ വിടുന്നു’’ -അടുത്തിടെ ഒരു സംവിധാനസഹായി, സംവിധായകന് ഇങ്ങനെ ഒരു വാട്സാപ്പ് സന്ദേശമയച്ചിട്ടാണ് ഒരു സൂപ്പർ സ്റ്റാറിന്റെ സിനിമാസെറ്റ് വിട്ടത്.
ആ സെറ്റിൽനിന്നുമാത്രം, പീഡനം സഹിക്കാനാകാതെപോയത് ചെറുപ്പക്കാരായ ആറ് സഹായികൾ. ‘‘സഹിക്കാൻ പറ്റാത്തത്ര അടിമരീതിയിലുള്ള പീഡനങ്ങളാണ് ഇന്നും പല സെറ്റിലും. സഹായികളായാൽ ഇതൊക്കെ അനുഭവിക്കണമെന്നാണ് ചോദിക്കുമ്പോൾ പറയുന്നത്’’ -23-കാരനായ സംവിധാനസഹായി പറയുന്നു.
സംവിധാനസഹായികളോടുള്ള ചൂഷണം തിരിച്ചറിഞ്ഞ് ഹേമ കമ്മിറ്റി ചില ശുപാർശകൾ വെച്ചിട്ടുണ്ട്. എല്ലാ അഭിനേതാക്കളും സാങ്കേതികവിദഗ്ധരും നിർമാതാക്കളുമായി കരാർ ഒപ്പുവെക്കണം, അസിസ്റ്റന്റ് ഡയറക്ടർമാർക്ക് കഴിവും അനുഭവസന്പത്തും കണക്കിലെടുത്ത് പ്രതിഫലം നിശ്ചയിക്കണം, പ്രീ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും തൊഴിലായി അംഗീകരിക്കണം എന്നിവയാണ് റിപ്പോർട്ടിലുള്ളത്.
സിനിമയിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്നവരാണ് സംവിധാനസഹായികൾ. കൃത്യമായ വേതനമില്ല, പല സിനിമയിലും ഒന്നും കിട്ടാറില്ല. ശാരീരിക-മാനസിക പീഡനത്തിനും സാന്പത്തികചൂഷണത്തിനും വിധേയരാകുന്നെന്നും ഇവർ പറയുന്നു. സർഗാത്മകത കണക്കിലെടുക്കാതെ അടിമവേല ചെയ്യിക്കുന്നു. അസംഘടിതരാണെന്നതാണ് ഇവർ നേരിടുന്ന വലിയ പ്രശ്നം. ഒരു സിനിമയിൽ ആർട്ട്, സ്ക്രിപ്റ്റ്, മേക്കപ്പ്, കോസ്റ്റ്യൂം തുടങ്ങിയ വിഭാഗങ്ങളിലായി അഞ്ച് സംവിധാനസഹായികളുണ്ടാകും; ചിലപ്പോൾ കൂടുതലും.
ഒരു സൂപ്പർസ്റ്റാർ നിർമിച്ച് അഭിനയിച്ച ചിത്രത്തിൽ അനുഭവിച്ച മാനസികസമ്മർദം അതിജീവിക്കാൻ കഴിയാതെ സംവിധാനസഹായി സ്വയം ജീവൻ വെടിഞ്ഞിട്ട് അധികനാളായില്ല. ‘‘ജൂനിയർ ആർട്ടിസ്റ്റുകൾക്കുപോലും സംഘടനയുടെ പിൻബലമുള്ളതിനാൽ കൃത്യമായ വേതനമുണ്ട്. അത്തരം സഹായം ഞങ്ങൾക്കില്ല. സംഘടനയിൽ ചേർന്നാലേ അവർ ഇടപെടൂ. പക്ഷേ, പത്തുപൈസ കിട്ടാത്ത ഞങ്ങൾ എങ്ങനെ 15,000 രൂപ കൊടുത്ത് സംഘടനയിൽ അംഗത്വമെടുക്കും’’ -ആറ് സിനിമയിൽ സഹായിയായ 28 വയസ്സുകാരി സങ്കടം പറഞ്ഞു.
വരുമാനം, ദിനങ്ങൾ
- പ്രീപ്രാഡക്ഷൻ (കുറഞ്ഞത് 90 ദിവസം): ഭക്ഷണം, താമസം സൗജന്യം. ശമ്പളമില്ല. യാത്രപ്പടിപോലുമില്ല.
- ഷൂട്ടിങ് ദിനം (90 മുതൽ 120 ദിവസംവരെ): ശന്പളം 30,000 മുതൽ 50,000 വരെ ചിലപ്പോൾ കിട്ടും. പലപ്പോഴും അതുമില്ല.
- പോസ്റ്റ് പ്രൊഡക്ഷൻ (ഒരുമാസംമുതൽ മൂന്നുമാസംവരെ): ശന്പളമില്ല. ഭക്ഷണം, താമസം സൗജന്യം.
- 10 മാസം ഒരു സിനിമയ്ക്കുവേണ്ടി ജോലിചെയ്താൽ മൊത്തം പ്രതിഫലം കൂട്ടിയാലും പ്രതിമാസം 5000 എന്ന നിരക്കിൽമാത്രം.