ലോകം മുഴുക്കെ ആരാധകരുള്ള സിനിമാ താരമാണ് അമിതാഭ് ബച്ചന്. സ്ക്രീനിലെ പ്രകടനവും സ്ക്രീനിനു പുറത്തെ നിലപാടുകളും ബച്ചനെ ജനപ്രിയനാക്കി. എണ്‍പത്തിരണ്ടുകാരനായ താരം, എത്രയോ സിനിമകളിലും പരസ്യ ചിത്രങ്ങളിലുമൊക്കെയായി നിരവധി പേരുടെ കൂടെ ജോലിചെയ്തിട്ടുണ്ട്. എന്നാല്‍ തനിക്ക് അധികം സുഹൃത്തുക്കളില്ലെന്നാണ് ഒരിക്കല്‍ ബച്ചന് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്.
മുന്‍പ് ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെയാണ് ബച്ചന്റെ പരാമര്‍ശം. അഭിമുഖത്തിനിടെ, മാധ്യമപ്രവര്‍ത്തകനായ വീര്‍ സംഘ്വി ബച്ചന് ധാരാളം സുഹൃത്തുക്കളുണ്ടോ എന്ന് ചോദിച്ചു. ‘ഇല്ല’ എന്ന് വളരെ ലളിതമായിരുന്നു മറുപടി. എന്നാല്‍ സുഹൃത്തുക്കളെ ഒരു കൈവിരലില്‍ എണ്ണാമോ എന്ന് ചോദിച്ചപ്പോള്‍, ബച്ചന് ‘അയ്യോ അത് കടുപ്പമാണ്, തനിക്ക് അധികം സുഹൃത്തുക്കളില്ലെ’ന്ന് വീണ്ടും മറുപടി നല്കി.
ഇത് ആളുകളിലുള്ള വിശ്വാസക്കുറവ് കൊണ്ടാണോ എന്നതായിരുന്നു അടുത്ത ചോദ്യം. ‘അതൊന്നുമല്ല. കണ്ടുമുട്ടല്‍, പരിചയപ്പെടല്‍, ഓരോരുത്തരുമായും അടുത്തിടപഴകല്‍ തുടങ്ങി സൗഹൃദത്തിന്റെ മുഴുവന്‍ പ്രക്രിയയും ഞാന്‍ കണ്ടെത്തുന്നു-ആയിടത്ത് ഞാന്‍ വീഴില്ല’ എന്നായിരുന്നു ബിഗ് ബിയുടെ മറുപടി. സുഹൃത്തുക്കളില്‍ ചിലര്‍ സിനിമാരംഗത്തുള്ളവരും ചിലര്‍ സിനിമയ്ക്ക് പുറത്തുള്ളവരുമാണെന്നും ബച്ചന് പറഞ്ഞു.
അഭിമുഖത്തിനിടെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തന്റെ ഉറ്റ സുഹൃത്തായിരുന്നെന്നും ബിഗ് ബി വെളിപ്പെടുത്തുന്നുണ്ട്. കുട്ടിക്കാലം മുതലുള്ള സൗഹൃദമായിരുന്നു അത്. തനിക്ക് നാലുവയസ്സുള്ളപ്പോള്‍ അലഹബാദില്വെച്ചാണ് രാജീവ് ഗാന്ധിയെ ആദ്യമായി കാണുന്നത്. അന്ന് രാജീവിന് രണ്ട് വയസ്സായിരുന്നു.
ബച്ചന്റെ താമസസ്ഥലമായ അലഹബാദിലെ ബാങ്ക് റോഡില്‍ അന്ന് ഒരു ഫാന്‍സി ഡ്രെസ്സ് പാര്‍ട്ടിക്കിടെയായിരുന്നു അതെന്ന് ബച്ചന് ഓര്‍ക്കുന്നു. ‘സ്വാതന്ത്ര്യസമര പോരാളിയുടെ വേഷമണിഞ്ഞുനിന്ന രണ്ടുവയസ്സുകാരനായ രാജീവ് ഗാന്ധിയെ അന്നാണ് കാണുന്നത്. അന്ന് തങ്ങള്‍ രണ്ടുപേരും കുട്ടികളായിരുന്നതിനാല്‍ പല കുഞ്ഞുകളികളില് മുഴുകി. പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവിന്റെ പേരക്കുട്ടിയാണ് തങ്ങളുടെ കൂടെയുള്ളതെന്നൊന്നും അന്ന് വലിയ കാര്യമായി തോന്നിയിരുന്നില്ല’ -ബച്ചന് പറഞ്ഞു.