പേരാമ്പ്ര: പച്ചത്തേങ്ങവില കുതിച്ചുയർന്നത് ഗ്രാമീണമേഖലയിൽ കേരകർഷകർക്ക് ഉണർവേകിയെങ്കിലും ഓണം കഴിഞ്ഞയുടനെ നല്ലവില ലഭിച്ചത് ഭൂരിഭാഗം കർഷകർക്കും പ്രയോജനം ലഭിക്കാതെ പോയി. ഓണത്തിന് തൊട്ടുമുൻപുതന്നെ മിക്കവരും തേങ്ങ പറിച്ച് വിൽപ്പന നടത്തിയിരുന്നു. കഴിഞ്ഞദിവസം പച്ചത്തേങ്ങ കിലോയ്ക്ക് 42 രൂപവരെ എത്തി. അടുത്തകാലത്തെ ഉയർന്ന വിലയാണിത്. രണ്ടുവർഷംമുൻപാണ് ഇത്രയുംവില കർഷകർക്ക് ഒടുവിൽ ലഭിച്ചത്. ഓണത്തിന് തൊട്ടുമുൻപ് 33.50 വരെ വിലയെത്തിയിരുന്നു. ഒരാഴ്ചകൊണ്ട് പിന്നെയും എട്ടുരൂപയോളം കൂടി. കൃഷിയിടത്തിൽ വളമിടൽ ഉൾപ്പെടെ ജോലികൾ നടത്താനും കർഷകർക്ക് ഇത് പ്രേരണയായിട്ടുണ്ട്.
ഓണത്തിനുമുൻപ് വില ആദ്യം ഉയർന്ന സമയത്തുതന്നെ എല്ലാ കർഷകരും തേങ്ങ വിൽപ്പന നടത്തിയെന്ന് നാളികേരക്കർഷകനായ ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി തരിപ്പിലോട് പൂഴിത്തോട്ടത്തിൽ സുരേന്ദ്രൻ പറഞ്ഞു. പിന്നീട് വില കുറഞ്ഞേക്കുമെന്ന ആശങ്കയും വേഗത്തിൽ വിൽപ്പന നടത്താൻ കർഷകരെ പ്രേരിപ്പിച്ചു. വില ഉയർന്നെങ്കിലും മുൻകാലത്തെക്കാൾ തേങ്ങ കുറവാണ് കിട്ടുന്നതെന്നാണ് സുരേന്ദ്രന്റെ അനുഭവം. ഏറ്റവുംകൂടുതൽ തേങ്ങ ലഭിക്കാറുള്ള കുംഭമാസക്കാലത്തും പഴയകാലത്തെക്കാൾ കാൽഭാഗത്തോളം തേങ്ങ കുറഞ്ഞു. തെങ്ങിന്റെ കറയൊലിപ്പും മച്ചിങ്ങ കൊഴിയലും വേനൽക്കാലത്തെ വരൾച്ചയുമെല്ലാം ഇതിനുകാരണമായിട്ടുണ്ട്. അടക്കയ്ക്ക് കിലോ 300 രൂപയെത്തിയെങ്കിലും ഉത്പാദനം മൂന്നിലൊന്നായി കുറഞ്ഞു. നാല്പതുരൂപയെങ്കിലും എല്ലാകാലത്തും ലഭിച്ചാലേ കർഷകന് തെങ്ങുകൃഷി ശരിയായി നടത്താനാകൂവെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പേരാമ്പ്ര പി.കെ.ആർ. കോക്കനട്ട് ഓയിൽ മില്ലിലെ സി.എ. റജീബ് തേങ്ങ വിൽക്കാനെത്തുന്നവർ കുറഞ്ഞുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. ആവശ്യത്തിന് സ്റ്റോക്ക് ഇപ്പോൾ വരുന്നില്ല. തേങ്ങവില ഉയർന്നതോടെ വെളിച്ചെണ്ണവിലയും കൂടിയിട്ടുണ്ട്. കിലോയ്ക്ക് 210 വരെയായി.
തുടർച്ചയായ മഴ റബ്ബർവെട്ടിന് തിരിച്ചടിയായി
റബ്ബറിനും വില കിലോയ്ക്ക് 250 വരെയെത്തി പിന്നീട് 225-ലേക്ക് താഴ്ന്നെങ്കിലും കർഷകർക്ക് വേണ്ടത്ര പ്രയോജനം ലഭിച്ചിട്ടില്ല. തുടർച്ചയായ മഴകാരണം റബ്ബർ വെട്ടുന്നത് കുറഞ്ഞ സമയമാണ് കടന്നുപോയത്. കടയിൽ റബ്ബർ ഷീറ്റ് എത്തുന്നത് കുറഞ്ഞ സമയമാണിതെന്ന് ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തിലെ ചെമ്പനോടയിൽ റബ്ബർ വ്യാപാരിയായ ജുബിൻ പറഞ്ഞു.
ചെമ്പനോടയിലെ ചവർണാൽ വർക്കിയുടെ കൃഷിയിടത്തിൽ 1200 മരങ്ങൾക്ക് റെയിൻ ഗാർഡിട്ടിട്ടുണ്ട്. രണ്ടുദിവസം ഇടവിട്ടാണ് വെട്ടാറുള്ളത്. എന്നാൽ, തുടർച്ചയായ മഴ റബ്ബർപ്പാലെടുക്കാൻ തടസ്സമാവുകയാണ്. മുൻകാലത്ത് ഒരു മരം ടാപ്പുചെയ്ത് ഷീറ്റടിക്കുന്നതിന് ഒരു രൂപയായിരുന്നു കൂലി. അതിപ്പോൾ 3.50 രൂപയായി. ജീവിതച്ചെലവും കൂടി. അതനുസരിച്ച് വിലയിൽമാത്രം വർധനയുണ്ടാകുന്നില്ലെന്ന് വർക്കി പറഞ്ഞു. ഇതേവില അടുത്തമാസങ്ങളിലും തുടർന്നാലേ കർഷകന് പ്രയോജനം ലഭിക്കൂ.
ടാപ്പിങ് തൊഴിലാളികളില്ല
പുതിയതലമുറയിലുള്ളവർ റബ്ബർ ടാപ്പിങ്ങിന് വരുന്നത് കുറഞ്ഞതിനാൽ ടാപ്പിങ്ങിനാവശ്യത്തിന് തൊഴിലാളിയെ കിട്ടാത്ത പ്രശ്നമുണ്ട്. റെയിൻഗാർഡിനും സ്പ്രേയിങ് നടത്താനും സബ്സിഡിക്ക് റബ്ബർബോർഡ് മഴക്കാലത്തിനുമുൻപ് അപേക്ഷ വാങ്ങാത്തതിനാൽ പലരും റെയിൻഗാർഡ് ഇടാതെ പോയിട്ടുണ്ട്. അവർക്കെല്ലാം തുക കൂടിയതിന്റെ പ്രയോജനം ലഭിക്കാതെപോയി. നൂറുദിവസമാണ് ഒന്നിടവിട്ടദിവസങ്ങളിൽ ഒരുവർഷം മരങ്ങൾ വെട്ടാൻ കഴിയുക. ഇത്തവണ അത്രയുംപോലും വെട്ടാൻ ലഭിച്ചിട്ടില്ല.
പി.കെ. മോഹനൻ, പ്രസിഡന്റ്, നടുവണ്ണൂർ റബ്ബർ ഉത്പാദകസംഘം