കൊച്ചി: മുകേഷും ജയസൂര്യയും ഉൾപ്പെടെ ഏഴുപേർക്കെതിരേ പരാതി നൽകിയ നടിയുടെ മൊഴിയെടുക്കുന്നത് മണിക്കൂറുകൾ പിന്നിട്ടു. രാവിലെ പത്തരയോടെ ആലുവയിൽ നടി താമസിക്കുന്ന ഫ്ലാറ്റിലെത്തിയ പ്രത്യേക അന്വേഷണസംഘം മൊഴി രേഖപ്പെടുത്തുന്നത് ഇപ്പോഴും തുടരുകയാണ്.
പ്രത്യേക അന്വേഷണസംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ അജിതാ ബീഗം, പൂങ്കുഴലി എന്നിവരും ഒരു വനിതാ എസ്.ഐയുമാണ് മൊഴിയെടുക്കാൻ എത്തിയത്. ഉച്ചഭക്ഷണത്തിനായി മാത്രമാണ് സംഘം പുറത്തുപോയത്.
മുകേഷിനെയും ജയസൂര്യയെയും കൂടാതെ മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും ഒരു നിർമാതാവിനും രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാർക്കും എതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്. ഏഴു പേർക്കുമെതിരേ വെവ്വേറെ പരാതി പ്രത്യേക അന്വേഷണസംഘത്തിന് നൽകിയിട്ടുണ്ട്. ഓരോ കേസിലും വിശദമായ മൊഴിയാണ് രേഖപ്പെടുത്തുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രീകരിക്കുന്നുണ്ടെന്നാണ് വിവരം.
മൊഴി വിശദമായി പരിശോധിച്ച ശേഷമാകും തുടർനടപടികൾ തീരുമാനിക്കുകയെന്ന് അജിതാബീഗം ഐപിഎസ് പറഞ്ഞു. അതിജീവിതയ്ക്ക് തെളിവുകൾ നൽകാനുണ്ടെങ്കിൽ അതും സ്വീകരിക്കും. ഇതിനു ശേഷം കേസെടുക്കാനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.