തളിപ്പറമ്പ് (കണ്ണൂർ): പഴയ തൊഴിലുടമയിൽനിന്ന് വർഷങ്ങളായി ‘പെൻഷൻ’ ലഭിക്കുന്ന ഒരു പ്രവാസിയുണ്ട് കരിന്പത്ത്; മുണ്ടയാട് വീട്ടിൽ കരുണാകരൻ. 27 വർഷത്തെ ഒമാൻ ജീവിതം കഴിഞ്ഞെത്തിയ കരുണാകരന്റെ അക്കൗണ്ടിലേക്കാണ് 13 വർഷമായി ഡോ. സാലിം അബ്ദുള്ള തന്റെ വരുമാനത്തിലൊരു പങ്ക് നൽകുന്നത്. ഒരുപക്ഷേ, എല്ലാ പ്രവാസിയും കൊതിക്കുന്ന സഹായധനം.
1985-ൽ തന്റെ 25-ാം വയസ്സിലാണ് കരുണാകരൻ ജോലിതേടി ഒമാനിലെത്തിയത്. ഗൃഹാതുരതയും ഭാഷാപ്രശ്നവുമായി ആദ്യ വർഷങ്ങളിൽ ബുദ്ധിമുട്ടിയെന്ന് അദ്ദേഹം പറയുന്നു. ഒമാൻ ആരോഗ്യമന്ത്രാലയത്തിലെ ജനറൽ ഡയറക്ടർ ഡോ. സാലിം അബ്ദുള്ളയുടെകൂടെയായിരുന്നു. പിന്നീട് കുടുംബാംഗം പോലെയായി. അറബിലോകത്തുനിന്നും സനേഹം ലഭിച്ചുകൊണ്ടിരുന്നപ്പോഴും സ്വന്തം കുടുംബത്തോടൊപ്പം ചേരാനുള്ള മനസ്സായി പിന്നീട് കരുണാകരന്. ഒടുവിൽ പ്രവാസജീവിതത്തോട് വിട പറയാൻ തീരുമാനിച്ചു. നാട്ടിൽ ചെറിയൊരു വീട് നിർമിച്ചതല്ലാതെ സമ്പാദ്യമായി കൈയിൽ മറ്റൊന്നുമുണ്ടായിരുന്നില്ല. സാലിം അബ്ദുള്ള നൽകിയ അൽപം പണവുമായിട്ടായിരുന്നു മടക്കം.
നാട്ടിലെത്തിയെങ്കിലും സാലിം അബ്ദുള്ളയുമായി ഫോൺ വഴി ബന്ധം നിലനിർത്തി. അതിനിടെയാണ് കരുണാകരൻ പ്രതീക്ഷിക്കാത്ത ആ സംഭവം നടന്നത്. ബാങ്ക് അക്കൗണ്ടിലേക്ക് എല്ലാ മാസവും സാലിം അബ്ദുള്ള ഒരു തുക അയക്കാൻ തുടങ്ങി. നാട്ടിലെ ചെറിയ കടയിൽ നിന്നുള്ള വരുമാനവുമായി ജീവിതം കഴിഞ്ഞു പോകാനുള്ള കഷ്ടപ്പാടുകൾക്കിടയിൽ ആശ്വാസധനം പോലെ കഴിഞ്ഞമാസവും ബാങ്കിൽ തുകയെത്തിയെന്ന് 65-കാരനായ കരുണാകരൻ പറഞ്ഞു.
തന്റെ പ്രവാസജീവിതം ‘മുന്തയ’ എന്ന പേരിൽ കരുണാകരൻ പുസ്തകമാക്കിയിട്ടുണ്ട്. മുണ്ടയാട്ട് വീട്ടിൽ എന്നത് അറബിക് ഉച്ചരാണമായ ‘മുന്തയ’ എന്ന പദമാണ് പുസ്തകത്തിന്റെ പേരായത്. മുഹമ്മദ് മാങ്കടവ് എഴുതിയ പുസ്തകം ഒരുവർഷം മുൻപാണ് പ്രകാശനം ചെയ്തത്. പ്രവാസ ജീവിതത്തിലെ ആദ്യാനുഭവങ്ങളിൽ തുടങ്ങി പെൻഷൻ രൂപേണയെത്തുന്ന സ്നേഹതലോടലിലാണ് എഴുത്ത് അവസാനിക്കുന്നത്. പദ്മാക്ഷിയാണ് ഭാര്യ. ശ്രുതി, ശരണ്യ എന്നിവർ മക്കൾ.