സംസ്ഥാനത്തെ ആദ്യ വാഹന പൊളിക്കല്‍ കേന്ദ്രം തുടങ്ങാന്‍ കെ.എസ്.ആര്.ടി.സി.യും റെയില്‍വേയും കൈകോര്‍ക്കുന്നു. ഇതിനായി റെയില്‍വേയുടെ ഉപകമ്പനിയായ ബ്രത്ത്വെറ്റുമായി കെ.എസ്.ആര്.ടി.സി. ധാരണാപത്രം ഒപ്പിട്ടു. ഫാക്ടറി സ്ഥാപിക്കാനുള്ള സ്ഥലം കെ.എസ്.ആര്.ടി.സി. നല്‍കും. ബ്രത്ത്വെറ്റ് യൂണിറ്റ് സ്ഥാപിക്കും. കെ.എസ്.ആര്.ടി.സി.ക്ക് വരുമാനത്തിന്റെ നിശ്ചിതശതമാനം ലഭിക്കും.
തെക്കന്മേഖലയിലാകും ആദ്യ പൊളിക്കല്‍ കേന്ദ്രം വരുക. പാറശ്ശാലയില്‍ ഉള്‍പ്പെടെ കെ.എസ്.ആര്.ടി.സി. ഉപയോഗശൂന്യമായി ഇട്ടിരിക്കുന്ന സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. അന്തിമകരാര്‍ ഉടന്‍ ഒപ്പിടും. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഉപേക്ഷിക്കാനുള്ള കേന്ദ്രനയപ്രകാരം സംസ്ഥാനങ്ങളില്‍ അംഗീകൃത പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങേണ്ടതുണ്ട്. 2024 ഏപ്രിലില്‍ പൊളിക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതായിരുന്നു.
കെ.എസ്.ആര്.ടി.സി.യെ നോഡല്‍ ഏജന്‍സിയായി നിയോഗിച്ച സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് നടപടികള്‍ നീളുകയായിരുന്നു. മധ്യ, വടക്കന്‍ ജില്ലകളിലായി രണ്ട് പൊളിക്കല്‍ കേന്ദ്രങ്ങള്‍കൂടി തുടങ്ങേണ്ടതുണ്ട്. ഇതിന് ടെന്‍ഡര്‍ വിളിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്കി. കേന്ദ്രനിര്‍ദേശപ്രകാരം സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഉപേക്ഷിച്ചിരുന്നു.
അംഗീകൃത പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങാത്തതിനാല്‍ ഇവ മാറ്റിയിട്ടിരിക്കുകയാണ്. 15,000 വാഹനങ്ങളെങ്കിലും ഈ വിഭാഗത്തില്‍ പൊളിക്കാനുണ്ട്. ഇതിനുപുറമേ നശിച്ചതും ഉടമകള്‍ ഉപേക്ഷിച്ചതും കോടതികള്‍ കണ്ടുകെട്ടിയതുമായ വാഹനങ്ങളും ആദ്യഘട്ടത്തില്‍ പൊളിക്കല്കേന്ദ്രത്തില് എത്തും. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയാലേ നിലവില്‍ ഒരു വാഹനം പൊളിച്ച് രജിസ്ട്രേഷന് റദ്ദാക്കാന്‍ കഴിയൂ.
അംഗീകൃത പൊളിക്കല്‍ കേന്ദ്രങ്ങള്‍ സജ്ജമായാല്‍ ഉടമയ്ക്ക് രേഖകള്‍സഹിതം വാഹനം കൈമാറാന്‍ കഴിയും. അപ്പോള്‍ത്തന്നെ സാക്ഷ്യപത്രവും ലഭിക്കും. ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതിയ വാഹനങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കും. ഫിറ്റ്നസ് പരിശോധനയില്‍ പരാജയപ്പെടുന്ന സ്വകാര്യ വാഹനങ്ങളും പൊളിക്കേണ്ടിവരും. എന്നാല്‍, വാഹനക്ഷമത പരിശോധിക്കുന്ന ഫിറ്റ്നസ് കേന്ദ്രങ്ങള്‍ ഇനിയും തുടങ്ങിയിട്ടില്ല.