ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാവാത്ത ദിനമാണ് സെപ്റ്റംബർ 19. പതിനേഴ് വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ച യുവിയുടെ വെടിക്കെട്ട് പിറന്നത്. ക്രിക്കറ്റ് ലോകത്തെയൊന്നാകെ അമ്പരപ്പിച്ച വെടിക്കെട്ട്. ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഒരോവറിലെ ആറ് പന്തുകളും സിക്സറടിച്ച് യുവി ചരിത്രം കുറിച്ചു. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ആദ്യമായാണ് ഒരോവറിലെ മുഴുവൻ പന്തുകളും സിക്സർ നേടുന്നത്. ഇപ്പോഴിതാ ആ ചരിത്രമിനിഷത്തിന്റെ പതിനേഴാം വർഷത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് യുവരാജ് സിങ്.
സ്റ്റുവർട്ട് ബ്രോഡിന്റെ ഓവറിൽ ആറ് സിക്സറുകളടിക്കുന്ന വീഡിയോയാണ് താരം എക്സിലൂടെ പങ്കുവെച്ചത്. രാജ്യത്തെ പ്രതിനിധീകരിക്കാനും ഇതുപോലുള്ള നിമിഷങ്ങൾക്കുമൊക്കെ എക്കാലവും നന്ദിയുള്ളവനായിരിക്കുമെന്ന് താരം കുറിച്ചു.
2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ സൂപ്പര്‍ സിക്സ് മത്സരത്തിലാണ് യുവി വെടിക്കെട്ട് നടത്തിയത്. കിവീസിനോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഇംഗ്ലണ്ടുമായുള്ള മത്സരം നിര്‍ണായകമായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ ഗംഭീറും (58), സെവാഗും (68) ചേര്‍ന്ന് മികച്ച തുടക്കം നല്കി. റോബിന് ഉത്തപ്പ പുറത്തായ ശേഷം 17-ാം ഓവറിലാണ് യുവി ക്രീസിലെത്തുന്നത്. അപ്പോള്‍ സ്കോര്‍ മൂന്നിന് 171.
18-ാം ഓവര്‍ ബൗള്‍ ചെയ്ത ഫ്ളിന്റോഫിനെതിരേ യുവി തുടര്‍ച്ചയായി രണ്ടു ബൗണ്ടറികള്‍ നേടി. ഇതോടെ ഫ്ളിന്റോഫ് പ്രകോപനപരമായി എന്തോ പറഞ്ഞു. യുവിയും വിട്ടുകൊടുക്കാതിരുന്നതോടെ അതൊരു വാക്കേറ്റമായി. ഒടുവില്‍ അമ്പയര്‍മാര്‍ ഇടപെട്ടാണ് ഈ അടി അവസാനിപ്പിച്ചത്.
എന്നാല്‍ യുവിക്ക് പറഞ്ഞ് മതിയായിട്ടില്ലായിരുന്നു. 19-ാം ഓവര്‍ എറിയാനെത്തിയത് അന്നത്തെ കൗമാരക്കാരന് സ്റ്റുവര്‍ട്ട് ബ്രോഡ്. ഫ്ളിന്റോഫിന് കൊടുക്കാന്‍ വെച്ചത് യുവി ബ്രോഡിന് കൊടുത്തപ്പോള്‍ ആ ഓവറിലെ ആറു പന്തുകളും ഗാലറിയില്‍ പതിച്ചു. വെറും 12 പന്തില്‍ നിന്ന് യുവിക്ക് അര്‍ധ സെഞ്ചുറി, ഒപ്പം റെക്കോഡും. 16 പന്തില്‍ ഏഴു സിക്സും മൂന്ന് ബൗണ്ടറികളുമടക്കം 58 റണ്‍സുമായി യുവി അവസാന ഓവറിലെ അഞ്ചാം പന്തില്‍ മടങ്ങിയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ നാലിന് 218 റണ്‍സിലെത്തിയിരുന്നു.