ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിക്കെതിരേ വീണ്ടും കടുത്ത വിമര്‍ശനവുമായി യുവ്രാജ് സിങ്ങിന്റെ പിതാവും മുന്‍ ടീം അംഗവുമായ യോഗ്രാജ് സിങ്. യുവ്രാജിന്റെ കരിയര്‍ തകര്‍ത്തത് ധോനിയാണെന്ന് തുറന്നടിച്ച അദ്ദേഹം ഇതിന് ഒരിക്കലും ധോനിയോട് പൊറുക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. സീ സ്വിച്ച് എന്ന യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിനിടെയാണ് യോഗ്രാജ് വീണ്ടും ധോനിക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്.
”ഞാന്‍ ധോനിയോട് ഒരിക്കലും ക്ഷമിക്കില്ല. ധോനി കണ്ണാടിയില്‍ അദ്ദേഹത്തിന്റെ മുഖം നോക്കണം. അദ്ദേഹം വലിയ താരമാണ്, എന്നാല്‍ എന്താണ് എന്റെ മകനോട് അദ്ദേഹം ചെയ്തത്. അതെല്ലാം ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ആ ചെയ്തതിനൊന്നും ഞാന്‍ ജീവിതത്തിലൊരിക്കലും ക്ഷമിക്കില്ല. ജീവിതത്തില്‍ രണ്ട് കാര്യങ്ങള്‍ ഞാന്‍ ഒരിക്കലും ചെയ്യാറില്ല. ഒന്ന് എന്നോട് എന്തെങ്കിലും തെറ്റ് ചെയ്തവരോട് ക്ഷമിക്കുക, രണ്ട് അവരെ കാണുമ്പോള്‍ ആലിംഗനം ചെയ്യുക. അതിപ്പോള്‍ എന്റെ കുടുംബാംഗങ്ങളാണെങ്കില്‍ പോലും.” – യോഗ്രാജ് കടുത്ത ഭാഷയില്‍ തന്നെ പ്രതികരിച്ചു.
മുമ്പ് പലപ്പോഴും യുവിക്കെതിരേ ധോനി പ്രവര്‍ത്തിച്ചിരുന്നുവെന്ന് ആരോപിച്ച് യോഗ്രാജ് രംഗത്തുവന്നിരുന്നു. ധോനിയുടെ മോശം പ്രവൃത്തികള്‍ കാരണമാണ് ഈ വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്സിന് ഐപിഎല്‍ കിരീടം നേടാന്‍ സാധിക്കാതിരുന്നതെന്ന് പറഞ്ഞും ഇദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഐസിസി അംബാസഡറായ യുവിയോട് ധോനിക്ക് അസൂയയാണെന്നും യോഗ്രാജ് പറഞ്ഞിരുന്നു.