കൽപറ്റ: സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ കനവ് ബേബി എന്നറിയപ്പെടുന്ന കെ.ജെ. ബേബി (70) അന്തരിച്ചു. വയനാട് നടവയൽ ചീങ്ങോട്ടേ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കണ്ണൂർ മാവിലായിലായിരുന്നു ജനനം. 19-ാം വയസിൽ കുടുംബത്തോടൊപ്പം കുടിയേറി 1973 ലാണ് വയനാട്ടിലെത്തിയത്. കനവ് എന്ന പേരിൽ അദ്ദേഹം വയനാട്ടിൽ ഒരു ബദൽ വിദ്യാഭ്യാസ കേന്ദ്രം ആരംഭിച്ചിരുന്നു. ഗോത്ര വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകാനും അവരെ സ്വയം പര്യാപ്തരാക്കാനുമായി 1994 ൽ തുടങ്ങിയ വിദ്യാകേന്ദ്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് കനവിന്റെ പ്രവർത്തനങ്ങളിൽ നിന്നുമാറി അവിടെ പഠിച്ച മുതിർന്ന കുട്ടികളെ ചുമതല ഏല്പിച്ചു.
സാംസ്കാരിക വേദി പ്രവർത്തകനായിരുന്ന ബേബി അടിയന്തരാവസ്ഥക്കാലത്ത് തന്റെ ‘നാടുഗദ്ദിക’ എന്ന നാടകവുമായി കേരളമെമ്പാടും സഞ്ചരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് അറസ്റ്റും വരിച്ചു. അദ്ദേഹത്തിന്റെ മാവേലി മൻറം എന്ന കൃതിക്ക് കേരളാ സാഹിത്യ പുരസ്കാരം ലഭിച്ചിരുന്നു. നാടു ഗദ്ദിക, ഗുഡ്ബൈ മലബാർ, ബെസ്പുർക്കാന എന്നിവയാണ് മറ്റു കൃതികൾ. മുട്ടത്തുവർക്കി പുരസ്കാരവും ലഭിച്ചിരുന്നു.
ഭാര്യ: പരേതയായ ഷേർലി. രണ്ടു മക്കളുണ്ട്.