ശ്രീനഗർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ വലിയ ഭൂരിപക്ഷത്തിലാണ് താൻ വിജയിച്ചതെന്ന് ലോക്സഭാ എം.പി ഷെയ്ഖ് അബ്ദുൾ റഷീദ് ( എഞ്ചിനീയർ റാഷിദ്). ‘പഞ്ചായത്ത് ആജ് തക്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീർ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിഹാർ ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷമുള്ള തൻ്റെ ആദ്യ അഭിമുഖത്തിലാണ് റാഷിദിന്റെ പരാമർശം.
‘പ്രധാനമന്ത്രി മോദി വാരണാസിയിൽ നിന്ന് നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷത്തിലാണ് ബാരാമുള്ളയിൽ നിന്ന് ഞാൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത്,’ റാഷിദ് പറഞ്ഞു. ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ കഴിയുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എഞ്ചിനീയർ റാഷിദ് ബാരാമുള്ളയിൽ നിന്ന് 2,04,142 വോട്ടുകൾക്ക് വിജയിച്ചപ്പോൾ പ്രധാനമന്ത്രി മോദി വാരണാസിയിൽ 1,52,513 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബുധനാഴ്ചയാണ് തിഹാർ ജയിലിൽ നിന്ന് ഇടക്കാല ജയിലിൽ കഴിയുന്ന അവാമി ഇത്തേഹാദ് പാർട്ടി (എ.ഐ.പി) തലവൻ പുറത്തിറങ്ങിയത്.
ജമ്മു കശ്മീരിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ വോട്ടുകൾ വെട്ടിക്കുറയ്ക്കാനാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ റാഷിദിനെ മോചിപ്പിച്ചതെന്ന് അദ്ദേഹത്തിൻ്റെ മോചനത്തിന് ശേഷം നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും ആരോപിച്ചിരുന്നു.
ജയിൽ മോചിതനായതിന് ശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കുകയും പ്രധാനമന്ത്രിയുടെ ‘നയാ കശ്മീർ’ നിലപാടിനെതിരെ പോരാടുമെന്ന് പറയുകയും ചെയ്തിരുന്നു. ഒപ്പം നാഷണൽ കോൺഫറൻസ് (എൻ.സി) നേതാവ് ഒമർ അബ്ദുള്ളയെയും പി.ഡി.പി പ്രസിഡൻ്റ് മെഹബൂബ മുഫ്തിയെയും കടന്നാക്രമിച്ച അദ്ദേഹം മേഖലയിലെ ജനങ്ങൾക്ക് വേണ്ടി പോരാടുന്നത് തുടരുമെന്നും പറഞ്ഞു.