പ്രയാഗ്രാജ്: ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നമാണ് തര്‍ക്കത്തിന് കാരണമെന്ന നിഗമനത്തില്‍ യുവാവിനെതിരായ സ്ത്രീധന ആരോപണ കേസ് റദ്ദാക്കി അലഹബാദ് ഹൈക്കോടതി. ഒരു വ്യക്തി തന്റെ ശാരീരികവും ലൈംഗികവുമായ പ്രേരണകളെ തൃപ്തിപ്പെടുത്താന്‍ എവിടെ പോകുമെന്നും കേസിന്റെ വാദത്തിനിടെ കോടതി ചോദിച്ചു.
പ്രഞ്ജല്‍ ശുക്ല എന്നയാള്‍ക്കും മറ്റു രണ്ടുപേര്‍ക്കുമെതിരായ കേസാണ് ഹൈക്കോടതി സ്ത്രീധന പീഡനമെന്ന ആരോപണത്തിന് തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയത്. ജസ്റ്റിസ് അനീഷ് കുമാര്‍ ഗുപ്തയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ദമ്പതികളുടെ ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഭാര്യ വിസമ്മതിച്ചതുമാണ് പ്രാഥമിക ആരോപണങ്ങളെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ തര്‍ക്കങ്ങള്‍ സ്ത്രീധനവുമായി ബന്ധപ്പെട്ടല്ലെന്നും വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളാണെന്നുമുള്ള നിഗമനത്തിലാണ് കോടതി എത്തിച്ചേര്‍ന്നത്.
‘തര്‍ക്കം കക്ഷികളുടെ ലൈംഗിക പൊരുത്തക്കേടുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാണ്, സ്ത്രീധന ആരോപണം കെട്ടിചമച്ചതും തെറ്റായതുമായ ആരോപണമാണ്’ കോടതി വ്യക്തമാക്കി.
ഒരു പുരുഷന് സ്വന്തം ഭാര്യയില്‍ നിന്നും തിരിച്ചും ലൈംഗിക ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുകയല്ലാതെ ഒരു ധാര്‍മ്മിക പരിഷ്കൃത സമൂഹത്തില്‍ ശാരീരിക ലൈംഗികാഭിലാഷങ്ങള്‍ തൃപ്തിപ്പെടുത്താന്‍ അവര്‍ എവിടെ പോകുമെന്നും കോടതി ചോദിച്ചു.
സ്ത്രീധനം ആവശ്യപ്പെടുകയും അശ്ലീല ദൃശ്യങ്ങള്‍ കാണാനും പ്രകൃതിവിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെടാനും ഭാര്യയെ നിര്‍ബന്ധിച്ചതുള്‍പ്പെടെയുള്ള അധിക്ഷേപകരമായ പെരുമാറ്റം ശുക്ലയ്ക്കെതിരെ എഫ്ഐആറില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ ആരോപണങ്ങളില്‍ വിശ്വസനീയമായ തെളിവുകളില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
2015-ലാണ് പ്രഞ്ജല്‍ ശുക്ല വിവാഹിതനാകുന്നത്. ഇയാള്‍ക്കെതിരെയും മറ്റു രണ്ടു ബന്ധുക്കള്‍ക്കുമെതിരെയാണ് ഭാര്യ സ്ത്രീധന ആരോപണം ഉന്നയിച്ച് പരാതി നല്‍കിയത്. വിവാഹത്തിന് മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും പരാതിയിലുണ്ടായിരുന്നു.
പ്രഞ്ജല്‍ അശ്ലീല ചിത്രങ്ങള്‍ കാണുകയും തന്നെ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബന്ധിക്കുകയും ചെയ്യാറുണ്ടെന്ന് പരാതിക്കാരി എഫ്ഐആറില്‍ ആരോപിച്ചു. തന്റെ എതിര്‍പ്പുകളെ വകവെച്ചിരുന്നില്ല. പ്രഞ്ജല്‍ തന്നെ ഒഴിവാക്കി സിംഗപ്പൂരിലേക്ക് ഒറ്റയ്ക്ക് പോയതായും എഫ്ഐആറില്‍ പറയുന്നു.
എന്ന ആരോപിക്കപ്പെടുന്ന ആക്രമണങ്ങള്‍ തന്റെ കക്ഷിയുടെ ലൈംഗികാഭിലാഷങ്ങള്‍ നിറവേറ്റാത്തതുമായി ബന്ധപ്പെട്ടതാണ്, അല്ലാതെ സ്ത്രീധനം ആവശ്യപ്പെട്ട് കാണിച്ച ക്രൂരതയല്ലെന്നാണ് പ്രഞ്ജലിന്റെ അഭിഭാഷകന് വാദിച്ചത്.