തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആര്. അജിത് കുമാര്‍, ആര്.എസ്.എസുമായി പാലമിട്ടത് പോലീസ്മേധാവിപ്പട്ടികയില് ഇടംപിടിക്കാന്‍. തൃശ്ശൂരില്‍ ആര്.എസ്.എസ്. മേധാവിയെ കണ്ട സ്വകാര്യാവശ്യം ഇതാണെന്നാണ് സൂചന. സ്വകാര്യ സന്ദര്‍ശനമായിരുന്നെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുമുണ്ട്.
എന്നാല്‍, കോവളത്തുവെച്ച് രണ്ടുപ്രാവശ്യം ആര്.എസ്.എസ്. നേതാവിനെ കണ്ടതിനുപിന്നിലെ ലക്ഷ്യം വേറെയാണെന്ന സംശയവുമുയരുന്നു. സുഹൃത്തെന്ന് അജിത്കുമാര്‍ വിശേഷിപ്പിക്കുന്ന ആളെക്കൂടാതെ മറ്റുരണ്ടുപേര്‍കൂടി ഉണ്ടായിരുന്നതായും സൂചനയുണ്ട്.
ഇടതുസര്‍ക്കാരുമായി അടുപ്പമുണ്ടായിരുന്ന ടോമിന് തച്ചങ്കരിക്കുണ്ടായത് തനിക്ക് സംഭവിക്കരുതെന്ന ഉദ്ദേശ്യത്തോടെയാണ് അജിത്, കേന്ദ്രബന്ധത്തിന് ശ്രമംതുടങ്ങിയത്. അടുത്ത ജൂലായില്‍ നിലവിലെ പോലീസ് മേധാവി ഒഴിയുമ്പോള്‍ കേന്ദ്രം നല്കുന്ന മൂന്നുപേരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടാതിരിക്കാനുള്ള ശ്രമമാണിത്. അടുത്ത ജനുവരിയില്‍ ഡി.ജി.പി. സഞ്ജീബ്കുമാര്‍ പട്ജോഷി വിരമിക്കുമ്പോള്‍ എ.ഡി.ജി.പി. മനോജ് എബ്രഹാമും ഏപ്രിലില്‍ ഡി.ജി.പി. കെ. പത്മകുമാര്‍ വിരമിക്കുമ്പോള്‍ എം.ആര്. അജിത്കുമാറും ഡി.ജി.പി. കേഡറിലെത്തും.
ടി.കെ. വിനോദ്കുമാര്‍ വിരമിച്ച ഒഴിവില്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത ഡി.ജി.പി. തസ്തികയിലെത്തിയിട്ടുമുണ്ട്. മനോജ് എബ്രഹാമിനും യോഗേഷ് ഗുപ്തയ്ക്കും അജിത്കുമാറിനെക്കാള്‍ സര്‍വീസുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടരുതെന്ന ഉദ്ദേശ്യത്തോടെയുള്ള ബന്ധമൊരുക്കലാണ് അജിത്കുമാറിന്റെ നടപടിയെന്നും വിലയിരുത്തുന്നു.
30 വര്‍ഷം പൂര്‍ത്തിയാക്കിയവരുടെ പട്ടികയാണ് പോലീസ് മേധാവി നിയമനത്തിനായി കേന്ദ്രത്തിന് സമര്‍പ്പിക്കുക. ആറുമാസത്തില്‍ കൂടുതല്‍ സര്‍വീസ് ശേഷിക്കുകയുംവേണം. കേന്ദ്രം വിവിധ പരിശോധനകള്‍ നടത്തിയാണ് മൂന്നുപേരുടെ പട്ടിക സംസ്ഥാനത്തിന് മടക്കി നല്‍കുന്നത്. അതില്‍നിന്ന് ആരെവേണമെങ്കിലും നിയമിക്കാം. രണ്ടുപ്രാവശ്യവും സീനിയോറിറ്റി മറികടന്ന് നിയമനം നല്‍കിയിട്ടുമുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് എം.ആര്. അജിത്കുമാര്‍ നീങ്ങുന്നതെന്ന സൂചനയാണുള്ളത്.
ഇതിനിടെ, നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ നേരത്തേ കേന്ദ്ര ഡെപ്യൂട്ടേഷന് ശ്രമിച്ചിരുന്നു. എന്നാല്‍, അത് ലഭിച്ചില്ല. അദ്ദേഹത്തെ സഹായിക്കാനും അജിത്കുമാര്‍ ശ്രമിച്ചിരുന്നതായി സൂചനയുണ്ട്. അങ്ങനെയെങ്കില്‍ പോലീസ് മേധാവി പട്ടികയില്‍നിന്ന് ഒരു ഡി.ജി.പി. ഒഴിവാക്കപ്പെട്ടേക്കുമെന്നത് അജിത്കുമാറിന്റെ സാധ്യത കൂട്ടും.
പി.വി. അന്‍വര്‍ എം.എല്‍.എ. കഴിഞ്ഞദിവസം പ്രത്യേക സംഘത്തിന് വിശദമായ മൊഴി കൊടുത്തിരുന്നു. ഒരുമാസത്തിനുള്ളില്‍ അന്വേഷണറിപ്പോര്‍ട്ട് വരുന്നതിനുമുമ്പ് ക്രമസമാധാന വിഭാഗത്തില്‍നിന്ന് എം.ആര്. അജിത്കുമാറിനെ ഒഴിവാക്കാനും സാധ്യതയുണ്ട്.