കല്പറ്റ: ശാസ്ത്രജ്ഞര്‍ക്കും വിദഗ്ധര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം പ്രദേശവാസികളെയും പങ്കാളികളാക്കി ഉരുള്‍പൊട്ടല്‍സാധ്യതാ പ്രദേശങ്ങളുടെ ജനകീയ അടയാളപ്പെടുത്തല്‍ വയനാട്ടില്‍ നടത്തണമെന്ന് പ്രൊഫ. ജോണ്‍ മത്തായി നേതൃത്വം നല്കിയ വിദഗ്ധസമിതിയുടെ ശുപാര്‍ശ. ഉരുള്‍പൊട്ടല്‍സാധ്യതാ പ്രദേശങ്ങളില്‍ എവിടെ ഉരുള്‍പൊട്ടും, എങ്ങനെ ഉരുളൊഴുകും, ഏതൊക്കെ ജനവാസമേഖലകളെ ബാധിക്കും, ഏതുരീതിയില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തും എന്നരീതിയില്‍ മൈക്രോ സോണല്‍ സര്‍വേ (സൂക്ഷ്മ പ്രാദേശിക സര്‍വേ) നടത്തണമെന്നാണ് ശുപാര്‍ശ.
ജനകീയപങ്കാളിത്തത്തോടെ ഈ സര്‍വേ നടത്തുന്നതോടെ ബോധവത്കരണം എളുപ്പമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ജില്ലയിലൊന്നാകെ മണ്ണിടിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും വിദഗ്ധസമിതി റിപ്പോര്‍ട്ടിലുണ്ട്. റോഡിനുവേണ്ടിയും കെട്ടിടനിര്മാണത്തിനായും മണ്ണിടിച്ച് തിട്ടകളാക്കുമ്പോള് രണ്ടരമീറ്ററില്‍ കൂടുതല്‍ കട്ടിങ് ഉണ്ടാവരുത്. ജില്ലയിലേത് ചുവന്ന പശിമരാശി മണ്ണായതിനാല്ത്തന്നെ മണ്ണിടിച്ചില്‍സാധ്യത കൂടുതലാണ്.
ചൂരല്‍മല-മുണ്ടക്കൈ ദുരന്തമേഖലയ്ക്കൊപ്പം മറ്റിടങ്ങളിലും ഈ ശ്രദ്ധയുണ്ടാവണം. അരുവികളും തോടുകളും തടസ്സപ്പെടുത്തിയുള്ള നിര്‍മാണങ്ങള്‍ അനുവദിക്കരുതെന്നും ഉയര്‍ന്നമേഖലകളില്‍ സ്വിമ്മിങ് പൂള് നിര്‍മാണത്തിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തമേഖലയില്‍ 107.5 ഹെക്ടര്‍ സ്ഥലം സുരക്ഷിതമല്ലെന്നും ഇവിടെ ആളുകളെ താമസിപ്പിക്കരുതെന്നും കൃത്യമായി പറയുന്നു.
ഉരുള്‍പൊട്ടല്‍; കാരണങ്ങള്‍ ഇവ
36 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള മുന്നൂറുമീറ്ററിലധികം ഉയരമുള്ള പ്രദേശം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി രണ്ടുദിവസങ്ങളിലായി പെയ്ത 572.8 മില്ലിമീറ്റര്‍ മഴ, ദുരന്തമുണ്ടായ 30-ന് രണ്ട് മണിക്കൂറില്‍ 50 മില്ലിമീറ്റര്‍ മഴ ലഭിച്ചത്, കാറ്റിന്റെ ഗതിമാറ്റം തുടങ്ങിയ ഘടകങ്ങളാണ് ഉരുള്‍പൊട്ടലിന് പിന്നിലെന്നാണ് കമ്മിറ്റി പറയുന്നത്. അതേസമയം പ്രഭവകേന്ദ്രത്തിന് ഒരുകിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ ക്വാറികളില്ലെന്നും സമീപത്ത് ചെക്ഡാമുകള്പോലുള്ളവ ഇല്ലെന്നും ഇവയൊന്നും ദുരന്തത്തിന് കാരണമായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
പുന്നപ്പുഴയെ വീണ്ടെടുക്കണം
ഉരുള്‍പൊട്ടി മണ്ണും പാറയുമടക്കം അന്‍പതുലക്ഷം ടണ്‍ അവശിഷ്ടമാണ് ഒലിച്ചെത്തിയത് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മൂന്നുലക്ഷം ടണ്‍ മേല്‍മണ്ണുമാത്രം ഒലിച്ചുപോയി. വലിയ പാറക്കഷണങ്ങളും മണ്ണും ഒഴുകിയെത്തിയ അവശിഷ്ടങ്ങളും പുന്നപ്പുഴയിലൂടെ ഏഴുകിലോമീറ്ററില്‍ അധികമെത്തി. ഉരുള്പൊട്ടിയൊഴുകി പുന്നപ്പുഴയുടെ സ്വാഭാവികരീതികള്‍ മാറി. ചൂരല്‍മല ടൗണിലും താഴോട്ടുള്ള പ്രദേശങ്ങളിലും മുന്‍പ് ഉണ്ടായിരുന്നതിനെക്കാള്‍ രണ്ടുമീറ്റര്‍ ഉയരത്തിലാണ് പുഴയൊഴുകുന്നത്. ഇവിടെ പുഴയിലടിഞ്ഞ മണ്ണും ചരലും നീക്കംചെയ്യണം.
പുന്നപ്പുഴ കൂടുതല്‍ വീതിയിലും ആഴത്തിലുമാണ് ചിലയിടങ്ങളില്‍ ഒഴുകുന്നത്. ഇത്തരം സ്ഥലങ്ങള്‍ പരിശോധിച്ച് പുഴയുടെ അരികുകളില്‍ മണ്ണിടിയാതിരിക്കാന്‍ രാമച്ചം, മുള തുടങ്ങിയവ വെച്ചുപിടിപ്പിക്കുകയോ അല്ലെങ്കില്‍ ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങളായ പാറക്കഷണങ്ങള്‍ പുനര്‍വിന്യസിക്കുകയോ വേണം. ഇത് എങ്ങനെവേണമെന്ന് അതിനായുള്ള വിദഗ്ധസമിതി ശുപാര്‍ശചെയ്യണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ചൂരല്‍മല അങ്ങാടിയും സ്കൂള്‍ റോഡും സുരക്ഷിതമല്ല
ചൂരല്‍മല അങ്ങാടിയും സ്കൂള്‍ റോഡും സുരക്ഷിതമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുഴയുടെ പഴയ കൈവഴിയായാണ് ഈ പ്രദേശത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇവിടെ വീടുപണിയുന്നത് സുരക്ഷിതമല്ല, ഈ ഭാഗം വെറുതേയിടണം. എന്നാല്‍, പടവെട്ടിഭാഗത്ത് താമസിക്കുന്നവര്‍ക്കുവേണ്ടി തകര്‍ന്ന റോഡ് പണിയണം. ഇപ്പോള്‍ ഉള്ളതില്‍നിന്ന് ഉയരത്തിലാണ് റോഡ് പണിയേണ്ടത്.
ബെയ്ലി പാലം മാറ്റി ചൂരല്‍മല-മുണ്ടക്കൈ പാലം പണിയുമ്പോള്‍ രണ്ടരമീറ്ററെങ്കിലും കൂടുതല്‍ ഉയരത്തില്‍ പണിയണം. നിലവിലുള്ള പാലത്തെക്കാള്‍ ഒന്നരമീറ്റര്‍ ഉയരത്തിലാണ് ഉരുള്‍പൊട്ടി ഒഴുകിവന്നത്. ചൂരല്‍മല അങ്ങാടിയില്‍ നിലവിലുള്ള കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രദേശത്ത് പുതിയകെട്ടിടം പണിയുകയാണെങ്കില്‍ ഉയര്‍ത്തിപ്പണിയണമെന്നും നിര്‍ദേശിക്കുന്നു.