മലപ്പുറം: വിവാഹാവശ്യത്തിന് പണം സംഘടിപ്പിക്കാന്‍ പോയശേഷം കാണാതായ മലപ്പുറം പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്ത് കോയമ്പത്തൂരിലേക്ക് പോയതായി സംശയം. കാണാതായ സെപ്റ്റംബര്‍ നാലിന് രാത്രി 07:45-ഓടെ പാലക്കാട് കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്റില്‍നിന്ന് വിഷ്ണുജിത്ത് കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്നതിന്റെ സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിച്ചു. ഇയാളുടെ പാലക്കാട്ടുള്ള സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
അന്ന് രാത്രി എട്ടേമുക്കാലോടെയാണ് വിഷ്ണുജിത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫാകുന്നത്. കഞ്ചിക്കോട് വെച്ചാണ് ഫോണ്‍ ഓഫായത് എന്നതിനാല്‍ കോയമ്പത്തൂര്‍ റൂട്ടിലാണ് ഇയാള്‍ യാത്ര ചെയ്തത് എന്നാണ് പോലീസിന്റെ നിഗമനം. കസ്റ്റഡിയിലുള്ള സുഹൃത്തിന്റെ മൊഴിയും ഇക്കാര്യം ശരിവെക്കുന്നതായാണ് വിവരം.
ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിനായുള്ള പണം സംഘടിപ്പിക്കാനാണ് വിഷ്ണുജിത്ത് പാലക്കാട്ടേക്ക് പോയത്. ഒരുലക്ഷം രൂപ ലഭിക്കുകയും ഇതില്‍ 10,000 രൂപ വിഷ്ണുജിത്ത് വീട്ടിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. അതേദിവസം രാത്രി മുതലാണ് വിഷ്ണുജിത്തിനെ കുറിച്ച് ഒരു വിവരവും ഇല്ലാതായത്.
കോയമ്പത്തൂരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. തമിഴ്നാട് പോലീസുമായി കേരളാ പോലീസ് ബന്ധപ്പെട്ടുകഴിഞ്ഞു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ നേതൃത്വത്തിലാണ് അന്വേഷണം. ടവര്‍ ലൊക്കേഷനും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വിഷ്ണുജിത്തിന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം നേരത്തേ പരാതിപ്പെട്ടിരുന്നു.