വിപണിയില്‍ ലഭ്യമായ ജ്യൂസുകള്‍ നിരവധിയാണെങ്കിലും പല മുൻനിര കമ്പനികളുടേയും മാമ്പഴ ജ്യൂസിന് ആരാധകരേറയാണ്. ലിറ്ററു കണക്കിന് കുപ്പികള്‍ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരും അനവധിയാണ്. ഇത്തരത്തിലുള്ള പാനീയങ്ങള്‍ മറ്റു മുന്‍കരുതലുകളൊന്നും ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. മാസങ്ങള്‍ക്കുമുമ്പ് ഒരു ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്റര്‍ പോസ്റ്റ് ചെയ്ത ജ്യൂസ് നിര്‍മ്മാണ ഫാക്ടറിയില്‍ നിന്നുള്ളൊരു ദൃശ്യം ഇപ്പോള്‍ വൈറലാകുകയാണ്.
മഞ്ഞ നിറത്തിലുളള പാനീയത്തിലേക്ക് ഓറഞ്ചും ചുവപ്പും നിറത്തിലുള്ള ഫുഡ് കളറുകളും ബക്കറ്റില്‍ നിറച്ച മാങ്ങ പൾപ്പും ഉള്‍പ്പടെയുള്ള മറ്റ് പദാര്‍ത്ഥങ്ങളും ചേര്‍ക്കുന്നത് വീഡിയോയില്‍ കാണാം. പിന്നീട്, തയ്യാറാക്കിയ പാനീയം പ്ലാസ്റ്റിക് പേപ്പർ കൊണ്ട് നിർമ്മിച്ച കുപ്പികളിലേക്ക് നിറക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. വീഡിയോയിലെ ഉള്ളടക്കത്തെ വിമർഷിച്ചും അനുകൂലിച്ചും കമൻ്റുകളുണ്ട്.
yourbrownasmr എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുല്ലപ്പൂവില്‍ നിന്ന് സെന്റുണ്ടാക്കുന്നതും കുട്ടികളുടെ ചെരുപ്പുണ്ടാക്കുന്നതും തുടങ്ങി ലക്ഷക്കണക്കിന് കാഴ്ചക്കാരെ സമ്പാദിച്ച അനവധി വീഡിയോകള്‍ ഈ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചെറുകിട ഫാക്ടറികളില്‍ നിന്നുള്ള വീഡിയോകളാണ് പ്രധാന ഉള്ളടക്കം. 56 ലക്ഷം പേരാണ് ഈ വൈറൽ വീഡിയോ ഇതിനോടകം കണ്ടത്.