ലഖ്നൗ: വിവാദപരമായ ഡിജിറ്റൽ മീഡിയ നയം 2024ന് അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ. പുതിയ നിയമത്തിലൂടെ സർക്കാർ നയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നവർക്ക് കാര്യമായ സാമ്പത്തിക പ്രോത്സാഹനങ്ങൾ നൽകുകയും ദേശവിരുദ്ധ ഉള്ളടക്കം എന്ന് സർക്കാർ കണക്കാക്കുന്ന ആശയങ്ങൾ പങ്കുവെച്ചാൽ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കുകയും ചെയ്യും.
ഓഗസ്റ്റ് 27 ന് സംസ്ഥാന മന്ത്രി സഭ പുതിയ നയത്തിന് അംഗീകാരം നൽകുകയായിരുന്നു. പുതിയ നയത്തിലൂടെ സമൂഹ മാധ്യമങ്ങളിൽ സ്വാധീനമുള്ളവർക്ക് സർക്കാർ സ്കീമുകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രതിമാസം 8 ലക്ഷം രൂപ വരെ സമ്പാദിക്കാൻ സാധിക്കും. എന്നാൽ ഇൻസ്റ്റഗ്രാം, യൂട്യൂബ്, എക്സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പങ്ക് വെച്ചാൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.
സർക്കാരിനെ വിമർശിക്കുന്ന ഉള്ളടക്കങ്ങൾ ദേശ വിരുദ്ധമായി കണക്കാക്കുകയും അതിന് ജീവപര്യന്തം ശിക്ഷ നൽകുകയും ചെയ്യുന്നതിലൂടെ പുതിയ നിയമം പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്ന വിമർശനം ഉയരുന്നുണ്ട്.
സമൂഹ മാധ്യമങ്ങളുടെ മേൽ ആധിപത്യം ഉറപ്പിക്കാനായി വിമർശകരെ ശിക്ഷിക്കുകയും സർക്കാരിനെ പുകഴ്ത്തുന്നവർക്ക് പാരിതോഷികം നൽകുകയുമാണ് ഉത്തർ പ്രദേശ് സർക്കാരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചെയ്യുന്നതെന്ന് കോൺഗ്രസ് വിമർശിച്ചു.
സമൂഹ മാധ്യമങ്ങളിൽ സ്വാധീനമായുള്ളവരെ അവരുടെ ഫോളോവെഴ്സിന്റെ അടിസ്ഥാനത്തിൽ നാല് ഗ്രൂപ്പുകളായി തിരിക്കും. ഈ വർഗ്ഗീകരണത്തിലൂടെ ഓരോരുത്തർക്കും എത്ര സാമ്പത്തിക റിവാർഡുകൾ നൽകണമെന്ന് തീരുമാനിക്കും.
എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തികൾക്ക് പ്രതിമാസം അഞ്ച് ലക്ഷം രൂപ വരെ സമ്പാദിക്കാം. ഫെയ്സ്ബുക്കിന് നാല് ലക്ഷം രൂപ വരെയേ നേടാനാകൂ. ഇൻസ്റ്റഗ്രാമിൽ പ്രതിമാസം മൂന്ന് ലക്ഷം രൂപ ലഭിക്കും. യൂട്യൂബിൽ ഉള്ളടക്കത്തിന്റെ തരം അനുസരിച്ച് പേയ്മെൻ്റ് പരിധി വ്യത്യാസപ്പെടുന്നു. സ്റ്റാൻഡേർഡ് വീഡിയോകൾക്ക് പ്രതിമാസം എട്ട് ലക്ഷം രൂപ വരെ സമ്പാദിക്കാം. ഷോർട്ട്സ് വീഡിയോ നിർമിക്കുന്നവർക്ക് പ്രതിമാസം ഏഴ് ലക്ഷം രൂപ വരെ സമ്പാദിക്കാം. പോഡ്കാസ്റ്റിലാകട്ടെ ആറ് ലക്ഷം രൂപ വരെ സമ്പാദിക്കാനാകും.
സർക്കാരിൻ്റെ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേര മുന്നോട്ടെത്തിയിട്ടുണ്ട്. നയത്തിൻ്റെ ദുരുപയോഗത്തെ അദ്ദേഹം ചോദ്യം ചെയ്തു.
‘ബി.ജെ.പി വിരുദ്ധ അല്ലെങ്കിൽ സർക്കാർ വിരുദ്ധ പരാമർശങ്ങൾ ‘ദേശവിരുദ്ധമായി’ കണക്കാക്കുമോ? ‘ആക്ഷേപകരമായ കമൻ്റ്’ എന്നതിൻ്റെ നിർവചനം എന്താണ്? ഡബിൾ എൻജിൻ സർക്കാരുകൾ ഇപ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാൻ തയ്യാറെടുക്കുകയാണോ? ഇന്ത്യാ സഖ്യത്തിൻ്റെ എതിർപ്പ് കാരണം, 2024ലെ ബ്രോഡ്കാസ്റ്റ് ബിൽ സർക്കാരിന് പിൻവലിക്കേണ്ടി വന്നു. സ്വേച്ഛാധിപത്യം ഇപ്പോൾ പിൻവാതിലിലൂടെയാണോ കൊണ്ടുവരുന്നത്?.’ അദ്ദേഹം ചോദിച്ചു.