മുംബൈ: ഡിജിറ്റൽ പേമെന്റ് സംവിധാനമായ യു.പി.ഐ.യിൽ പ്രതിദിന ഇടപാടുകളുടെ എണ്ണം 50 കോടി കടന്നു. സെപ്റ്റംബറിൽ ദിവസ ശരാശരി 50.13 കോടി ഇടപാടുകളാണെന്നാണ് നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ.) കണക്ക്. ഇതുവഴി 68,800 കോടി രൂപയാണ് ദിനംപ്രതി ശരാശരി കൈമാറ്റം ചെയ്യപ്പെടുന്നത്. ഇടപാടുകളുടെ എണ്ണത്തിൽ സെപ്റ്റംബറിൽ 0.5 ശതമാനമാണ് വളർച്ച. ആകെ 1,504 കോടി ഇടപാടുകളാണ് നടന്നത്. ഓഗസ്റ്റിലിത് 1496 കോടിയായിരുന്നു.
സെപ്റ്റംബറിൽ ആകെ 20.64 ലക്ഷം കോടി രൂപ യു.പി.ഐ. വഴി കൈമാറ്റം ചെയ്യപ്പെട്ടു. ഓഗസ്റ്റിലിത് 20.61 ലക്ഷം കോടി രൂപയായിരുന്നു. ഓഗസ്റ്റിൽ പ്രതിദിനം 48.3 കോടി ഇടപാടുകളിലായി 66,475 കോടിരൂപയുടെ കൈമാറ്റമായിരുന്നു നടന്നിരുന്നത്. യു.പി.ഐ. ഇടപാടുകളുടെ എണ്ണത്തിൽ വാർഷികവളർച്ച 42 ശതമാനം വരെയാണ്. മൂല്യത്തിലിത് 31 ശതമാനവും.
രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളുടെ എണ്ണത്തിൽ മുന്നിൽ ഐ.എം.പി.എസ്. ആണ്. സെപ്റ്റംബറിൽ 43 കോടി ഇടപാടുകൾ ഇത്തരത്തിൽ നടന്നു. ഓഗസ്റ്റിലിത് 45.3 കോടിയായിരുന്നു. അതേസമയം, മൂല്യത്തിൽ യു.പി.ഐ.യെ അപേക്ഷിച്ച് ഏറെ പിന്നിലാണ് ഐ.എം.പി.എസ്. ആകെ 5.65 ലക്ഷംകോടി രൂപയുടെ ഇടപാടുകളാണ് ഐ.എം.പി.എസ്. വഴി നടന്നത്. ഓഗസ്റ്റിലിത് 5.78 ലക്ഷം കോടിരൂപയായിരുന്നു. ടോൾപിരിവിനായുള്ള ഫാസ്ടാഗ് വഴി 31.8 കോടി ഇടപാടുകളിലായി 5,620 കോടിരൂപയുടെ കൈമാറ്റം നടന്നിട്ടുണ്ട്. ഓഗസ്റ്റിലിത് 32.9 കോടി ഇടപാടുകളിലായ 5,611 കോടിരൂപയുടേതായിരുന്നു.