ന്യൂദല്‍ഹി: ഹരിയാനയിലെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി ബി.ജെ.പിയുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
2013-2014 വര്‍ഷങ്ങളില്‍ തങ്ങള്‍ ഭരണത്തിലിരിക്കുമ്പോള്‍ ഹരിയാനയിലെ തൊഴിലില്ലായ്മ നിരക്ക് 2.9 ശതമാനം ആയിരുന്നുവെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. എന്നാല്‍ 2024ല്‍ എത്തിനില്ക്കുമ്പോള് സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 29.1 ആയി വര്‍ധിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ മൂന്നാം തവണയും ഭരണത്തിലേറിയിട്ടും സംസ്ഥാന ഭരണം ബി.ജെ.പിയുടെ നിയന്ത്രണത്തിലായിട്ടും ഈ സാഹചര്യം മറികടക്കാന്‍ ഇരട്ട എഞ്ചിനുള്ള സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തി.
2019 ലെ ബി.ജെ.പിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കും എന്നത്. യുവജന വികസന, സ്വയം തൊഴില്‍ മന്ത്രാലയം രൂപീകരണം തുടങ്ങിയവയായിരുന്നു ബി.ജെ.പിയുടെ ഈ മേഖലയിലെ വാഗ്ദാനങ്ങള്‍. 500 കോടി രൂപ ചെലവഴിച്ച് 25 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം നല്‍കുമെന്നും ബി.ജെ.പി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.
ഹരിയാന കായികം-കൃഷി എന്നീ മേഖലയില്‍ മികവ് പുലര്‍ത്തുന്ന സംസ്ഥാനമാണ്. അതേസമയം തൊഴിലില്ലായ്മയിലും സംസ്ഥാനം മുന്നിട്ടുനില്‍ക്കുന്നു എന്നതാണ് ഹരിയാന നേരിടുന്ന വലിയ പ്രതിസന്ധി. എന്നാല്‍ വിഷയങ്ങയിലെ പ്രതിസന്ധികള്‍ തുടച്ചുനീക്കുമെന്ന് ഉറപ്പ് നല്കിയുള്ളതായിരുന്നു 2019ലെ ബി.ജെ.പിയുടെ മാനിഫെസ്റ്റോ.
സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമി പുറത്തുവിട്ട കണക്ക് പ്രകാരം, ഇന്ത്യയിലെയും ഹരിയാനയിലെയും തൊഴിലില്ലായ്മ നിരക്ക് 2019 സാമ്പത്തിക വര്‍ഷത്തില്‍ ഏതാണ്ട് തുല്യമായിരുന്നു, ഇന്ത്യ 6.3 ശതമാനവും ഹരിയാനയില്‍ 18.4 ശതമാനവും ആയിരുന്നു. എന്നാല്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് 8.1 ശതമാനമായി വര്‍ധിച്ചപ്പോള്‍ ഹരിയാനയില്‍ ഇത് 2019ല്‍ നിന്ന് മൂന്നിരട്ടിയിലധികമായി ഉയരുകയായിരുന്നു.
സ്ത്രീകളിലെ തൊഴിലില്ലായ്മ ഹരിയാനയില്‍ രൂക്ഷമാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 15.1 ശതമാനമാണ്. അതേസമയം ഹരിയാനയിലെ നിരക്ക് 64.9 ശതമാനമായി വര്‍ധിച്ചു. 2019 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയ സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്കിന്റെ മൂന്നിരട്ടിയാണ് ഇത്.
വീണ്ടും അധികാരത്തിലേറിയാല്‍ സംസ്ഥാനത്ത് 1000 സ്പോര്‍ട്സ് നഴ്സറികള്‍ സ്ഥാപിക്കും, എല്ലാ ഗ്രാമങ്ങളിലും ഒരു സ്റ്റേഡിയമോ ജിമ്മോ നിര്‍മിക്കുമെന്നും ബി.ജെ.പി ഉറപ്പ് നല്‍കിയിരുന്നു.
അതേസമയം ഹരിയാന സ്വദേശിയായ വിനേഷ് ഫോഗട്ട് ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെ 2024 പാരീസ് ഒളിമ്പിക്സില്‍ നിന്ന് അയോഗ്യയായിരുന്നു. ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്നു വിനേഷ് ഫോഗട്ട്.
ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയതിന് പിന്നാലെയാണ് വിനേഷ് ആയോഗ്യയാക്കപ്പെട്ടത്. എന്നാല്‍ കേന്ദ്ര ഒളിമ്പിക്സ് കമ്മിറ്റി ചെയര്‍മാനായ പി.ടി. ഉഷ വിനേഷിനെ തള്ളിപ്പറയുന്ന സാഹചര്യത്തിനാണ് ഇന്ത്യയിലെ കായിക ലോകവും ഹരിയാന സംസ്ഥാനവും സാക്ഷിയായത്.