മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിലെ മലേഗാവില്‍ ഗൗണ്‍ ഗാങ്ങിന്റെ കവര്‍ച്ചകള്‍ക്ക് പിന്നാലെ ‘അണ്ടര്‍വെയര്‍ ഗാങ്ങി’ന്റെയും മോഷണം. കഴിഞ്ഞദിവസം രാത്രിയാണ് ഉള്‍വസ്ത്രം മാത്രം ധരിച്ചെത്തിയ നാലംഗ അണ്ടര്‍വെയര്‍ ഗാങ് മോഷണം നടത്തിയത്. അഞ്ചുലക്ഷത്തോളം രൂപ വിലമതിക്കുന്ന 70 ഗ്രാം സ്വര്‍ണവും വാഴപ്പഴവും ഇവര്‍ കവര്‍ന്നതായാണ് റിപ്പോർട്ട്. ഒരു വീട്ടിലും കോളേജിലുമാണ് സംഘം മോഷണം നടത്തിയത്.
ബനിയനും അടിവസ്ത്രവും ധരിച്ച നാലു മോഷ്ടാക്കള്‍ എത്തുന്നതിന്റെയും അതിക്രമിച്ച് കടക്കുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ഒരു മോഷ്ടാവ് ആരെങ്കിലും വരുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതും മറ്റുള്ളവര്‍ വാതില്‍ തുറന്ന് അകത്തുകയറുന്നതും കാണാം.
ഉള്‍വസ്ത്രം ധരിച്ചെത്തി മോഷണം നടത്തുന്നതിനാലാണ് ഇക്കൂട്ടരെ ‘അണ്ടര്‍വെയര്‍ ഗാങ്’ അല്ലെങ്കില്‍ ‘ചഡ്ഡി ബനിയന് ഗാങ്’ എന്ന് വിളിക്കുന്നത്. മുന്‍പ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരത്തില്‍ മോഷണങ്ങള്‍ നടന്നിട്ടുണ്ട്. മോഷണം നടത്തുന്ന വീടുകളിലുള്ളവരെ ഭയപ്പെടുത്താന്‍ ചിലപ്പോള്‍ മൂര്‍ച്ചയുള്ള ആയുധങ്ങളും ഇവര്‍ കൈവശം കരുതാറുണ്ട്.
വിവിധയിടങ്ങളില്‍ മോഷണം നടത്തുന്ന ഇത്തരം സംഘങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. മാത്രമല്ല, പോലീസിനെ വഴിതെറ്റിക്കാനാണോ ഈ വിധം മോഷണം നടത്തുന്നതെന്നും സംശയമുണ്ട്.
സ്ത്രീകളുടെ വസ്ത്രങ്ങള്‍ പ്രത്യേകിച്ച് ഗൗണുകള്‍ ധരിച്ച് മോഷണം നടത്തുന്ന ഗൗണ്‍ ഗാങ്ങിന്റെ കവര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ മലേഗാവില്‍ അണ്ടര്‍വെയര്‍ ഗാങ്ങിന്റെയും വരവെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. ‘ഗൗണ്‍ ഗാങ്’ ഉന്നമിട്ടിരുന്നത് വീടുകളെയായിരുന്നു. കഴിഞ്ഞയാഴ്ച മലേഗാവിലെ പല വീടുകളിലും ഗൗണ്‍ ഗാങ്ങിന്റെ കവര്‍ച്ചകള്‍ നടന്നിരുന്നു. ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളില്‍നിന്നും സംഘം പണം മോഷ്ടിച്ചിരുന്നു.