ഇന്ത്യയിലെ ഏറ്റവും മികച്ച സിലബസ് തമിഴ്നാടിന്റേത്; അത് യുക്തിചിന്തയും സ്വതന്ത്രചിന്തയും പ്രോത്സാഹിപ്പിക്കുന്നു: ഉദയനിധി സ്റ്റാലിന്
ചെന്നൈ: തമിഴ്നാട്ടിലെ സിലബസ് വിവാദത്തില്‍ ഗവര്‍ണര്‍ ആര്.എന്‍ രവിയെ തള്ളി യുവജനക്ഷേമ, കായികമന്ത്രി ഉദയനിധി സ്റ്റാലിന്. സിലബസ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് സ്വതന്ത്രചിന്തയും, യുക്തിചിന്തയും പ്രോത്സാഹിപ്പിക്കുക എന്നതാണെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന് ആ അര്‍ത്ഥത്തില്‍ നോക്കുകയാണെങ്കില്‍ രാജ്യത്തെ ഏറ്റവും മികച്ച സിലബസ് തമിഴ്നാടിന്റെയാണെന്നും അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം അധ്യാപക ദിനവുമായി ബന്ധപ്പെട്ട് ഒരു സ്കൂള്‍ പരിപാടിയില്‍ പങ്കെടുക്കവെ ഗവര്‍ണര്‍ ആര്.എന്‍ രവി തമിഴ്നാട്ടിലെ സ്കൂള്‍ സിലബസ് മത്സരപരമല്ലെന്നും സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപനരീതി ദേശീയതലത്തിലേക്കാളും താഴ്ന്നതാണെന്നും വിമര്‍ശിച്ചിരുന്നു.
എന്നാല്‍ ഗവര്‍ണറുടെ ഈ പരാമര്‍ശത്തിനെതിരെ തമിഴ്നാട്ടിലെ വിവിധ കോണുകളില്‍ നിന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗവര്‍ണര്‍ തമിഴ്നാട്ടിലെ മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുമായി ഇടപഴകി സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം മനസ്സിലാക്കണമെന്നും സംസ്ഥാനത്തെ സിലബസ് കേന്ദ്ര സിലബസിന് തുല്യമാണെന്നും പറഞ്ഞ് സംസ്ഥാന വിദ്യാഭ്യാസമന്ത്രിയായ അന്‍ബില്‍ മഹേഷ് പൊയ്യാമൊഴിയും രംഗത്തെത്തിയിരുന്നു.
ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍ മുന്‍വിധിയോടെ ഉള്ളതാണെന്നും സ്റ്റേറ്റ് സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും വിദ്യാഭ്യാസ വിദഗ്ദനായ ഗജേന്ദ്ര ബാബുവും അഭിപ്രായപ്പെട്ടു.
‘ഗവര്‍ണര്‍ക്ക് സിലബസിനെപ്പറ്റി മുഴുവനായി അറിയാമോ എന്നെനിക്കറിയില്ല. എന്നാല്‍ വിദ്യാര്‍ത്ഥികളെ സ്വതന്ത്രമായും യുക്തിപരമായും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന തമിഴ്നാട്ടിലെ സിലബസ് രാജ്യത്തെ തന്നെ മികച്ചത് തന്നെയാണ്.
അതിനാല്‍ തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അപമാനിക്കുന്നതിന് തുല്ല്യമാണ്. ഐ.എസ്.ആര്.ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരായ അണ്ണാദുരൈയും വീര മുത്തുവേലും സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരാണ്.
ഇന്ന് ലോകം മുഴുവന്‍ പ്രശസ്തരായ തമിഴ്നാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാരെല്ലാം സ്റ്റേറ്റ് സിലബസില്‍ നിന്നുള്ളവരാണ്. അതിനാല്‍ തന്നെ ഈ നേട്ടങ്ങളൊന്നും ദഹിക്കാത്തവരാണ് ഇത്തരം കുറ്റങ്ങളൊക്കെ കണ്ടുപിടിക്കുന്നത്. രാജ്യത്തെ തന്നെ മികച്ച വിദ്യാഭ്യാസ സമ്പ്രദായം സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടത് കലൈഗറുടെ(കരുണാനിധി)യുടെ കാലത്താണ്,’ ഉദയനിധി പറഞ്ഞു.
മെട്രിക്കുലേഷന്‍, ആംഗ്ലോ ഇന്ത്യന്‍, ഓറിയന്റല്‍, സ്റ്റേറ്റ് ബോര്‍ഡ് എന്നീ നാല് ബോര്‍ഡുകള്‍ക്ക് പുറമെ ‘സമചീര്‍ കല്‍വി’ എന്ന പേരില്‍ ഒരു യൂണിഫോം സ്കൂള്‍ സിലബസും 2011 മുതല്‍ തമിഴ്നാട് പിന്തുടരുന്നുണ്ട്. എന്നാല്‍ സമചീര്‍ കവിയുടെ ടെക്സ്റ്റ്ബുക്കുകളും പരീക്ഷകളും മറ്റ് ബോര്ഡുകളിലേതിന് സമാനമാണ്. കരുണാനിധി സര്‍ക്കാരിന്റെ കാലത്താണ് ഈ പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്.
സ്റ്റേറ്റ് സിലബസില്‍ ഉയര്‍ന്ന എന്റോള്‍മെന്റ് നിരക്കുണ്ടെങ്കിലും, തമിഴ്നാട്ടിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വായനയുടെ പ്രാവീണ്യം വളരെ കുറവാണെന്ന് വിവിധ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. എന്‍.സി.ഇ.ആര്.ടിയുടെ ഫൗണ്ടേഷനല്‍ ലേണിംഗ് സ്റ്റഡിയുടെ 2022-ലെ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം മൂന്നാം ക്ലാസിലെ 20 ശതമാനം കുട്ടികള്‍ക്ക് മാത്രമേ തമിഴ് വായിക്കാന്‍ അറിയുള്ളു എന്ന് കണ്ടെത്തിയിരുന്നു.