കായംകുളം: സി.പി.എം. പുതുപ്പള്ളി ലോക്കൽ കമ്മിറ്റി പരിധിയിലെ രണ്ട് ബ്രാഞ്ച് സമ്മേളനങ്ങൾ മാറ്റിവെച്ചു. വിഭാഗീയതയും സംഘർഷസാധ്യതയും കണക്കിലെടുത്താണ് സമ്മേളനം മാറ്റിവെച്ചതെന്നാണ് സൂചന. പറയണത്ത് ബ്രാഞ്ച്, പുതുപ്പള്ളി തെക്ക് ബ്രാഞ്ച് കമ്മിറ്റികളിലെ സമ്മേളനങ്ങളാണ് മാറ്റിവെച്ചത്.
വ്യാഴാഴ്ച രാവിലെ 10-നാണ് സമ്മേളനങ്ങൾ നിശ്ചയിച്ചിരുന്നത്. സമ്മേളനത്തിനുള്ള ഒരുക്കമെല്ലാം തുടങ്ങിയിരുന്നു. എന്നാൽ, സമ്മേളനത്തിനു തൊട്ടുമുൻപ് നേതാക്കൾ ഇടപെട്ട് മറ്റൊരുദിവസത്തേക്ക് സമ്മേളനം മാറ്റിവെക്കുകയായിരുന്നു.
ഇവിടെ രണ്ട് ലോക്കൽ കമ്മിറ്റിയംഗങ്ങൾ അടുത്തിടെ തമ്മിൽത്തല്ലിയിരുന്നു. രണ്ടു വിഭാഗങ്ങൾ ലോക്കൽ കമ്മിറ്റി പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നതാണ് ഇവിടെ വിഭാഗീയതയ്ക്കു കാരണം.