ചെന്നൈ: തിരുവള്ളൂർ കവരപ്പേട്ടയിൽ മൈസൂരു-ദർഭംഗ ബാഗ്മതി എക്സ്പ്രസ് തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരം.19 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. വണ്ടി അതിവേഗത്തിലായിരുന്നതിനാൽ ഇടിയുടെ ആഘാതത്തിൽ തീവണ്ടിയുടെ മൂന്നു കോച്ചുകൾക്ക് തീപിടിക്കുകയും 12 കോച്ചുകൾ പാളംതെറ്റുകയും ചെയ്തു.
1,360 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നതെന്ന് തിരുവള്ളൂർ ജില്ലാ കളക്ടർ ഡോ. ടി. പ്രഭുശങ്കർ പറഞ്ഞു. പരിക്കേറ്റവരെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെന്നും ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന് കാരണം, ട്രെയിൻ മെയിൻ ലൈൻ എടുക്കുന്നതിനുപകരം ലൂപ്പ് ലൈനിലേക്ക് മാറിയതാണെന്നാണ് പ്രാഥമിക നിഗമനം.
ട്രെയിന് കവരപ്പേട്ടയിൽ സ്റ്റോപ്പ് ഇല്ലായിരുന്നു. ചെന്നൈയിൽനിന്ന് പുറപ്പെട്ടതിന് ശേഷം ലോക്കോ പൈലറ്റ് സിഗ്നലുകൾ കൃത്യമായി പിന്തുടർന്നിരുന്നു. എന്നാൽ, കവരപ്പേട്ടയിൽവെച്ച് മെയിൻ ലൈൻ എടുക്കുന്നതിനുപകരം, ട്രെയിൻ തെറ്റായി ലൂപ്പ് ലൈനിലേക്ക് മാറിയതും ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തെക്കുറിച്ച് റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.