ഗതാഗത നിയമലംഘനത്തിന് കോടതി വിധിക്കുന്ന തുക ഓണ്‍ലൈനായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് സ്വീകരിച്ച നടപടി വാഹന ഉടമകളെ വലയ്ക്കുന്നു. ഒന്നിലേറെത്തവണ ഓഫീസില്‍ കയറി ഇറങ്ങേണ്ടി വരുമെന്നതിനാല്‍ ഇടനിലക്കാരെ ഏല്‍പ്പിക്കാന്‍ പ്രേരിപ്പിക്കുംവിധം സങ്കീര്‍ണമാണിത്.
കേസെടുത്ത ഓഫീസില്‍നിന്ന് നേരിട്ട് അനുമതി ലഭിച്ചാല്‍ മാത്രമേ ഓണ്‍ലൈനില്‍ തുക അടയ്ക്കാനാകൂ. ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പിഴത്തുക രേഖപ്പെടുത്തി, ഓണ്‍ലൈന്‍ യൂസര്‍നെയിമും പാസ്വേഡും നല്‍കും. ഓണ്‍ലൈനില്‍ പണമടച്ചശേഷം രശീതി ഓഫീസിലെത്തിക്കണം.
ഇത് ഉദ്യോഗസ്ഥര്‍ സോഫ്റ്റ്വേറിലും രജിസ്റ്ററിലും രേഖപ്പെടുത്തി കോടതിക്ക് കൈമാറും. ഇങ്ങനെ കേസ് തീര്‍പ്പാക്കിയില്ലെങ്കില്‍ വാഹനവില്‍പ്പന, രജിസ്ട്രേഷന് പുതുക്കല്‍, ഫിറ്റ്നസ് ടെസ്റ്റ്, പെര്‍മിറ്റ് പുതുക്കല്‍ എന്നിവ തടസ്സപ്പെടും.
പിഴയും ചോര്‍ന്നു
കോടതി ശിക്ഷിച്ച കേസുകള്‍ ഉദ്യോഗസ്ഥര്‍ തീര്‍പ്പാക്കിയപ്പോള്‍ പിഴത്തുകയില്‍ നഷ്ടം സംഭവിച്ചതിനെത്തുടര്‍ന്നാണ് ക്രമീകരണം കടുപ്പിച്ചത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് ലംഘനത്തിന് കേന്ദ്രനിയമത്തില്‍ 1000 രൂപ പിഴ നിഷ്കര്‍ഷിക്കുമ്പോള്‍ 500 രൂപയാണ് സംസ്ഥാനത്ത് ഈടാക്കുന്നത്. എന്നാല്‍, കോടതി കേന്ദ്രനിയമപ്രകാരം ഉയര്‍ന്ന പിഴയാണ് വിധിക്കുക. കോടതി വിധിക്കുന്ന തുക സോഫ്റ്റ്വേറില് തെളിയാതിരുന്നതാണ് പിഴവിന് ഇടയാക്കിയത്.
പിഴയടച്ചില്ലെങ്കില്‍ കോടതി കയറാം
ഗതാഗത നിയമലംഘനത്തിനുള്ള പിഴ 15 ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ കോടതിക്ക് കൈമാറും. കേസ് പരിഗണിക്കണമെങ്കില്‍ ഉദ്യോഗസ്ഥന് കുറ്റപത്രം നല്‍കണം. ഇതിന് വൈകുന്നതിനാലാണ് കേസുകള്‍ തിരിച്ചെടുത്ത് തീര്പ്പക്കാന് ഉദ്യോഗസ്ഥരെ അനുവദിച്ചത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഉദ്യോഗസ്ഥര്‍ തീര്‍പ്പാക്കിയ കേസുകളില്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ട്.