കൊല്‍ക്കത്ത: ആര്.ജി കാര്‍ മെഡിക്കല്‍ കോളേജിലെ പി.ജി വിഭാഗം മെഡിക്കല്‍ വിദ്യാര്‍ത്ഥി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭത്തില്‍ നടന്ന പ്രതിഷേധറാലിയില്‍ തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി.
സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ പ്രക്ഷോഭകാരികള്‍ക്കെതിരെ സംസ്ഥാന ബാലാവകാശക കമ്മീഷന് കേസെടുത്തു.
ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലെ എം.പിയായ അഭിഷേക് ബാനര്‍ജിയുടെ 11 വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്നും അങ്ങനെ ചെയ്യുന്നവര്‍ക്ക് പത്ത് കോടി രൂപ പാരിതോഷികം നല്‍കുമെന്നും പരസ്യമായി പറയുന്ന പ്രതിഷേധക്കാരുടെ വീഡിയോ സാമുഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ ഇത്തരത്തില്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ പോക്സോ നിയമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.
‘സംസ്ഥാനം മുഴുവന്‍ ദുഖത്തിലാഴ്ന്നിരിക്കുമ്പോള് അതിന് പകരം വീട്ടാനായി മറ്റൊരു ബലാത്സംഗത്തിന് ആഹ്വാനം ചെയ്യുന്നത് നിയമലംഘനമാണ്. ഇതിനെതിരെ കടുത്ത നടപടി എടുത്തിട്ടില്ലെങ്കില്‍ അത് സമൂഹത്തിന് അപകടകരമായ സന്ദേശം നല്‍കും.
ഇത്തരം നീക്കങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ജീവിതം അപകടത്തിലാക്കും,’ ബംഗാള്‍ ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ഹൊസെയ്ന്‍ മെഹ്ദി റഹ്മാന് പ്രതികരിച്ചു.
അതേസമയം വിഷയത്തില്‍ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരും രംഗത്തെത്തിയിട്ടുണ്ട്.
‘ഇത്തരത്തില്‍ നിങ്ങളുടെ വൃത്തികെട്ട തന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം ഞങ്ങളോട് രാഷ്ട്രീയമായി പോരാടുകയാണ് വേണ്ടത്. ഇത്തരം തന്ത്രങ്ങള്‍ നിങ്ങള്‍ ഇതിന് മുമ്പും പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് നിങ്ങള്‍ എല്ലാ അതിരുകളും ലംഘിച്ചു.
കുട്ടികളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണം. ദേശീയ ജനറല്‍ സെക്രട്ടറിയുടെ മകളെ ഭീഷണിപ്പെടുത്തുന്ന നിങ്ങളുടെ നയങ്ങളെ അപലപിക്കാന്‍ വാക്കുകളില്ല,’ തൃണമൂല്‍ എം.പി ഡെറിക്.ഒ.ബ്രെയ്ന്‍ പ്രതികരിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായ അഭിഷേക് ബാനര്‍ജി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകനാണ്.
അതേസമയം കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. കേസില്‍ പൊലീസ് കസസ്റ്റഡിയില് എടുത്ത കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെയും മറ്റ് അഞ്ച് പേരെയും സി.ബി.ഐ കഴിഞ്ഞ ദിവസം രണ്ടാമതും നുണപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.