കോയമ്പത്തൂർ: തൃശ്ശൂരിലെ എ.ടി.എം. കവർച്ചയുമായി ബന്ധപ്പെട്ട് നാമക്കലിൽ പിടിയിലായ ഹരിയാണയിലെ കവർച്ചസംഘത്തിന്റെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേസുകളുണ്ടെന്ന് അന്വേഷണസംഘം. അറസ്റ്റിലായ ഹരിയാണ നൂഹ് സ്വദേശി മുഹമ്മദ് ഇക്രത്തിന്റ പേരിൽ പശ്ചിമബംഗാളിൽമാത്രം ആറ് കേസുകളുണ്ടെന്ന് നാമക്കൽജില്ലാ പോലീസ് മേധാവി രാജേഷ് കണ്ണൻ പറഞ്ഞു. പ്രതികളെത്തേടി കൂടുതൽ സ്ഥലങ്ങളിൽനിന്ന് പോലീസ് എത്തിക്കൊണ്ടിരിക്കയാണ്.
നാമക്കലിൽ പോലീസ് അറസ്റ്റുചെയ്ത ഏഴുപ്രതികളിൽ ഒരാൾ വെടിയേറ്റ് മരിച്ചിരുന്നു. മറ്റൊരാൾ കാലിന് വെടിയേറ്റ് കോയമ്പത്തൂർ മെഡിക്കൽകോളേജ് ആശുപത്രിയിലാണ്. ശേഷിക്കുന്ന അഞ്ചുപേർ സേലം സെൻട്രൽ ജയിലിലും. കവർച്ച, കൊലപാതകശ്രമം, ആയുധം കൈവശം വെക്കൽ, പോലീസിനെ ആക്രമിക്കൽ തുടങ്ങി ഏഴ് വകുപ്പുകളാണ് പ്രതികളുടെപേരിൽ ചുമത്തിയിരിക്കുന്നത്.
സമാനരീതിയിൽ എ.ടി.എം. കവർച്ചകൾനടന്ന സംസ്ഥാനങ്ങളിലെ പോലീസുമായി ബന്ധപ്പെടുകയും അവർക്ക് പ്രതികളുടെ ഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്തതായി എസ്.പി. പറഞ്ഞു. ജയിലിലുള്ള പ്രതികളെ തൃശ്ശൂരിൽനിന്നുള്ള പോലീസ് സംഘമായിരിക്കും ആദ്യം ചോദ്യംചെയ്യുക. പിന്നീട് നാമക്കൽപോലീസ് രജിസ്റ്റർചെയ്ത കേസുകളിൽ അന്വേഷണം നടത്തും. കവർച്ചസംഘത്തിന്റെ വിശദാംശങ്ങൾതേടി വിശാഖപട്ടണം പോലീസും നാമക്കലിലെത്തി. ഓഗസ്റ്റിലും സെപ്റ്റംബറിലുമായി വിശാഖപട്ടണത്ത് ഒമ്പത് എ.ടി.എമ്മുകളിൽനിന്നായി 1.67 കോടി രൂപ മോഷണം പോയിരുന്നു. ബെംഗളൂരു പോലീസും അന്വേഷണത്തിന് നാമക്കലിൽ എത്തിയിട്ടുണ്ട്.
ഹരിയാണയിലെ പൽവാൽ, നൂഹ് ജില്ലകൾ ഉൾപ്പെടുന്ന മേഖലയിലുള്ളവരാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ എ.ടി.എം കവർച്ചകൾ നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ കൂടുതലായി കവർച്ച നടത്തുന്നത്.
നേരത്തേ ഡൽഹി, ഒഡിഷ, മഹാരാഷ്ട്ര, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലായിരുന്നു ഇവർ കവർച്ച നടത്തിയിരുന്നത്.