ന്യൂഡൽഹി: മലയാള സിനിമയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും നേരെയുള്ള വ്യാപകമായ ലൈംഗികാതിക്രമങ്ങൾ തുറന്നുകാട്ടപ്പെട്ടതിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യൻ സമൂഹത്തിലെ മൊത്തത്തിലുള്ള മനോഭാവം മാറേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ലിംഗസമത്വത്തിനായുള്ള യഥാർത്ഥ പോരാട്ടം ഇന്ത്യൻ സമൂഹത്തിൻ്റെ ‘അപചയം’ തിരുത്തുന്നതിലാണെന്നും അഭിപ്രായപ്പെട്ടു. ദേശീയമാധ്യമമായ എൻഡിടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പന്ത്രണ്ട് വർഷങ്ങൾക്കിടയിൽ രാജ്യത്ത് സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും 2012-ലെ നിർഭയകേസിനെയും 2024-ലെ ആർജി കർ ആശുപത്രിയിലെ യുവ ഡോക്ടറുടെ കൊലപാതകത്തെയും മുൻ നിർത്തി അദ്ദേഹം പറഞ്ഞു. ഒരു ദുരന്തത്തിന് ശേഷം വീണ്ടും ദുരന്തങ്ങൾ തുടരാൻ പാടില്ല. ആദ്യം ഞെട്ടലും ഭീതിയും രോഷവുമുണ്ടാകുന്നുണ്ടെങ്കിലും പിന്നീട് അതെല്ലാം ശമിക്കുകയും അടുത്ത ദുരന്തം സംഭവിക്കുകയും ചെയ്യുന്നു. ഇതിൽ വ്യവസ്ഥാപിതമായ ഒരു മാറ്റം ആവശ്യമാണ്, അദ്ദേഹം പറഞ്ഞു.
മലയാള സിനിമയെ പിടിച്ചുകുലുക്കിയ ലൈംഗികാതിക്രമ ആരോപണങ്ങളിൽ താൻ നിരാശനാണെന്നും, എന്നാൽ തൻ്റെ സ്വന്തം സംസ്ഥാനം ഈ മീ ടു തരംഗത്തിന് തുടക്കംകുറിച്ചതിൽ അഭിമാനമുണ്ടെന്നും തരൂർ പറഞ്ഞു. മറ്റെല്ലാ ഭാഷകളിലെയും സിനിമ മേഖലകളിൽ ഉള്ളതായി എല്ലാവരും പറയുന്ന അതിക്രമങ്ങൾ തുറന്നുകാട്ടുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം കേരളമാണെന്നതിൽ താൻ അഭിമാനിക്കുന്നു. കേരളമെങ്കിലും ‘ഇത് ശരിയല്ല’ എന്ന് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് അഞ്ചു വർഷമായി പുറത്തുവിടാതെ തടഞ്ഞുവച്ചത് ക്ഷമിക്കാനാവില്ലെന്നും കേരളാ സർക്കാർ നടപടിയെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിപിഎമ്മിൻ്റെ എംഎൽഎ കൂടിയായ എം. മുകേഷ് ഉൾപ്പെടെയുള്ള മുതിർന്ന നടന്മാർക്കും ചലച്ചിത്ര പ്രവർത്തകർക്കുമെതിരെ കേസെടുത്തു. പിന്നാലെ അമ്മ സംഘടനയുടെ പ്രസിഡന്റ് മോഹൻലാലും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും രാജിവച്ചു. ഇതുകൊണ്ട് മാത്രം മതിയാവില്ലെന്ന് തരൂർ പറഞ്ഞു. രാജിവെച്ച പലരും കുറ്റാരോപിതരായിട്ടുണ്ട്. രാജി ധാർമിക ഉത്തരവാദിത്വം മാത്രമല്ല. ഇത് സംഭവിക്കാൻ അനുവദിച്ച ഒരു സംവിധാനത്തിന് അവർ നേതൃത്വം നൽകി എന്നതാണ് വസ്തുതയെന്നും അദ്ദേഹം വിമർശിച്ചു.
സ്ത്രീകൾക്ക് തൊഴിൽ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. കൊൽക്കത്തയിലെ ആശുപത്രിയിലായാലും സിനിമാ സെറ്റിലായാലും വിശ്രമിക്കാനുള്ള സ്ഥലങ്ങളും ശുചിമുറികളും ആവശ്യമാണ്. ആക്രമിക്കുന്ന പുരുഷന്മാർക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും തരൂർ പറഞ്ഞു. തനിക്ക് ജോലി, പണം, അവസരം ആവശ്യമാണെന്നും അതിന് താൻ ലൈംഗികാതിക്രമത്തിന് ഇരയാകേണ്ടതുണ്ടെന്നും ഒരു സ്ത്രീക്ക് തോന്നുന്നത് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. പല സ്ത്രീകളും അതിലൂടെ കടന്നുപോയിട്ടുണ്ട്. ഇത് അനുവദിക്കാൻ പാടില്ലാത്ത കാര്യമാണെന്നും തരൂർ പറഞ്ഞു.
പരാതികൾ സമർപ്പിക്കാൻ സ്ത്രീകൾക്ക് ഒരു സ്വതന്ത്ര ഫോറം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ സ്ഥാപനങ്ങൾക്കും ലൈംഗികാതിക്രമം സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ ഓരോ കമ്മറ്റിയുണ്ട്. എന്നാൽ, ഇത് മതിയാകില്ലെന്നും മേഖലയ്ക്ക് പുറത്തുനിന്നുള്ളവർ ഉൾപ്പെടുന്ന ഒരു ട്രിബ്യൂണൽ ആവശ്യമാണെന്നും തരൂർ പറഞ്ഞു.