ചെന്നൈ: ധനമന്ത്രി നിര്‍മല സീതാരാമനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. ജി.എസ്.ടിയെ സംബന്ധിക്കുന്ന ന്യായമായ ചോദ്യത്തെ കേന്ദ്ര ധനമന്ത്രി നേരിട്ട രീതി ലജ്ജാകരമെന്ന് എം.കെ. സ്റ്റാലിന് പറഞ്ഞു.
ഇന്ത്യയിലെ പൊതുജനങ്ങള്‍ നിങ്ങളുടെ ഈ രീതികളെല്ലാം കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജി.എസ്.ടിയിലെ സങ്കീര്‍ണതകളെ കുറിച്ച് നിര്‍മല സീതാരാമന് പങ്കെടുത്ത യോഗത്തില്‍ സംസാരിച്ച വ്യവസായി പിന്നീട് ധനമന്ത്രിയുടെ അടുത്തെത്തി മാപ്പ് പറയുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ് എം.കെ. സ്റ്റാലിന്റെ വിമര്‍ശനം.
തമിഴ്നാട്ടിലെ പ്രമുഖ ഹോട്ടല്‍ ശൃഖലയായ അന്നപൂര്‍ണ ഹോട്ടല്‍സിന്റെ എം.ഡിയും തമിഴ്നാട് ഹോട്ടല്‍ അസോസിയേഷന് ഹോണററി പ്രസിഡന്റുമായ ശ്രീനിവാസനാണ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരില്‍ പിന്നീട് ധനമന്ത്രിയോട് മാപ്പ് പറയേണ്ടി വന്നത്.
ധനമന്ത്രിയുടെ അടുത്തെത്തിയ വ്യവസായി, കോയമ്പത്തൂര്‍ സൗത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ വനതി ശ്രീനിവാസന്റെ സാന്നിധ്യത്തില്‍ മാപ്പ് പറയുന്ന വീഡിയോയാണ് പുറത്തുവന്നത്.
തമിഴ്നാട് ബി.ജെ.പി ഘടകം തന്നെയാണ് അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോ പുറത്തുവിട്ടത്. എന്നാല്‍ സംഭവം വിവാദമായതോടെ വീഡിയോ നീക്കം ചെയ്യുകയുമുണ്ടായി. സംഭവത്തില്‍ സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈയും മാപ്പ് പറഞ്ഞിരുന്നു.
ജി.എസ്.ടിയിലെ സങ്കീര്‍ണതകള്‍ തങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് വ്യവസായി യോഗത്തില്‍ സംസാരിച്ചത്. ഉത്തരേന്ത്യയില്‍ കൂടുതല്‍ ആളുകള്‍ മധുര പലഹാരങ്ങല്‍ കഴിക്കുന്നതിനാലാണ് മധുര പലഹാരത്തിന് അഞ്ച് ശതമാനം മാത്രം ജി.എസ്.ടി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനുപിന്നാലെ തമിഴ്നാട് ബി.ജെ.പി ഘടകം പുറത്തുവിട്ട വീഡിയോയില്‍ താന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമല്ലെന്നും തന്നോട് ക്ഷമിക്കണമെന്നും ശ്രീനിവാസന് മന്ത്രിയോട് പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം.
ഇതിനെതിരെ പ്രതികരിച്ചാണ് സംസ്ഥാന മുഖ്യമന്ത്രി രംഗത്തെത്തിയത്. നേരത്തെ ഡി.എം.കെ നേതാവ് കനിമൊഴിയും വ്യവസായിയെ കൊണ്ട് മാപ്പ് പറയിച്ച സംഭവത്തില്‍ നിര്‍മല സീതാരാമനെ വിമര്‍ശിച്ചിരുന്നു.
‘അഹങ്കാരം എല്ലായിപ്പോഴും നമ്മളില്‍ ഉയര്‍ന്നു നില്ക്കുന്ന സ്വഭാവമാണ്. എന്നാല്‍ പ്രശ്നങ്ങളെ ലളിതമായി കാണുന്ന സ്വഭാവം നമുക്ക് എല്ലായിപ്പോഴും അഭിനന്ദനം നേടിത്തരുന്ന കാര്യവുമാണ്,’ എന്ന് അര്‍ത്ഥം വരുന്ന തിരുക്കുറളിലെ വരികള്‍ പങ്കുവെച്ചായിരുന്നു കനിമൊഴിയുടെ വിമര്‍ശനം.
അധികാരത്തിലിരിക്കുന്നവരുടെ ദുര്‍ബലമായ ഈഗോകള്‍ വ്രണപ്പെടുമ്പോള്‍ അവര്‍ മറ്റുള്ളവരെ അപമാനിക്കാന്‍ മുതിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചിരുന്നു.