ബസ് ബോഡി നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്ശനനിബന്ധനകളെത്തുടര്ന്ന് സംസ്ഥാനത്ത് പൂട്ടിപ്പോയത് 140 വര്‍ക്ഷോപ്പ്. നിലവില്‍ കോട്ടയത്തെ കൊണ്ടോടി ഓട്ടോക്രാഫ്റ്റ്, പാലക്കാട് സാറ്റ് ബസ്, ശ്രീകൃഷ്ണ കോച്ച് ബില്‍ഡേഴ്സ് എന്നിവിടങ്ങളില്‍മാത്രമാണ് ബസ് ബോഡി നിര്‍മിക്കുന്നത്. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യയുടെ (എ.ആര്.എ.ഐ.) അംഗീകാരത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
മറ്റ് ബോഡി നിര്‍മാണ വര്ക്ഷോപ്പുകള് പൂട്ടിയതോടെ തമിഴ്നാട് കരൂരിലുള്ള ബസ് നിര്‍മാണകേന്ദ്രങ്ങളാണ് കേരളത്തില്‍നിന്നുള്ള ബസുടമകളുടെ ആശ്രയം. 2013-ലാണ് ബസ് ബോഡി നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര മോട്ടോര്‍വാഹന വകുപ്പ് കര്‍ശനമായ ചട്ടങ്ങള്‍ പുറപ്പെടുവിച്ചത്. നിര്‍മാണകേന്ദ്രങ്ങള്‍ക്ക് മതിയായ അഡ്മിനിസ്ട്രേറ്റീവ് രേഖ, സ്ഥലസൗകര്യം, യന്ത്രം, പരിശീലനം ലഭിച്ച തൊഴിലാളികള്‍, ഗുണമേന്മയും ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റുകളും വേണമെന്നായിരുന്നു നിബന്ധന.
ഇവ പൂര്‍ണമായും പാലിക്കാന്‍ സംസ്ഥാനത്തെ ബോഡി വര്ക്ഷോപ്പുകള്ക്കായില്ല. ഇതോടെ പകുതിയിലധികം വര്‍ക്ഷോപ്പുകളും പൂട്ടി. 2018-ല്‍ കേന്ദ്ര മോട്ടോര്‍വാഹന വകുപ്പ് വീണ്ടും ചട്ടം പുറപ്പെടുവിച്ചു. പ്രത്യേക അളവിലുള്ള ബസ് കോഡ്, ഗുണമേന്മയും ഐ.എസ്.ഒ. അംഗീകാരവുമുള്ള അസംസ്കൃതവസ്തുക്കളുടെ ഉപയോഗം, റോഡ് ടെസ്റ്റ് തുടങ്ങിയവ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചു.
എ.ഐ.എസ്.യുടെ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് സര്‍ട്ടിഫിക്കറ്റും നല്‍കണം. നിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയതോടെ ബാക്കിയുണ്ടായിരുന്ന ബോഡി നിര്‍മാണ വര്‍ക്ഷോപ്പുകളും പൂട്ടി. ഒരു ബസ് ബോഡി നിര്‍മിച്ച് പുറത്തിറക്കണമെങ്കില്‍ എട്ടുമുതല്‍ 12.5 ലക്ഷം രൂപവരെയാണ് ചെലവ്. ചെലവിന്റെ 18 ശതമാനം തുക ജി.എസ്.ടി.യായി നല്‍കണം. അസംസ്കൃതവസ്തുക്കള്‍ക്കും ജി.എസ്.ടി.യുണ്ട്.
ബസുകള്‍ കൂടുതലായി തമിഴ്നാട്ടില്‍ നിര്‍മിച്ചുതുടങ്ങിയതോടെ സംസ്ഥാനസര്‍ക്കാരിന് നികുതിവരുമാനം നഷ്ടമായതായി വിദഗ്ധര്‍ പറയുന്നു. 49 സീറ്റിന്റെ ടൂറിസ്റ്റ് ബസ്, ഡബിള്‍ ഡെക്കര്‍ ബസ്, സ്ലീപ്പര്‍ ബസ് തുടങ്ങിയവ നിര്‍മിക്കുന്ന വര്‍ക്ഷോപ്പുകളും നിലവില്‍ സംസ്ഥാനത്ത് ഇല്ല. കര്‍ണാടകത്തിലാണ് ഇത്തരത്തിലുള്ള ബസുകളുടെ നിര്‍മാണം നടക്കുന്നത്. 34 സീറ്റിന്റെ ടൂറിസ്റ്റ് ബസുകള്‍ നിര്‍മിക്കുന്ന സംസ്ഥാനത്തെ ഏക വര്‍ക്ഷോപ്പ് കോതമംഗലത്താണുള്ളത്.