ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ ശൈലിക്ക് അതേ നാണയത്തില്‍ മറുപടി നല്കിയ പഥും നിസ്സങ്കയുടെ മികവില്‍ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് കീഴടക്കി ശ്രീലങ്ക. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരമെന്ന ഇംഗ്ലണ്ടിന്റെ മോഹങ്ങള്ക്ക മുന്നില്‍ നിസ്സങ്ക വിലങ്ങുതടിയാകുകയായിരുന്നു. 2014-ന് ശേഷം ഇംഗ്ലീഷ് മണ്ണില്‍ ലങ്കയുടെ ആദ്യ ടെസ്റ്റ് ജയം കൂടിയാണിത്. പരമ്പര നേരത്തേ തന്നെ ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു (2-1).
സ്കോര്‍: ഇംഗ്ലണ്ട് – 325/10, 156/10. ശ്രീലങ്ക – 263/10, 219/2.
219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ ലങ്ക നാലാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ തന്നെ ലക്ഷ്യത്തിലെത്തി. നിസ്സങ്ക 124 പന്തില്‍ നിന്ന് രണ്ട് സിക്സും 13 ഫോറുമടക്കം 127 റണ്‍സോടെ പുറത്താകാതെ നിന്നു. കുശാല്‍ മെന്‍ഡിസ് 39 റണ്‍സെടുത്തു. ആഞ്ജലോ മാത്യൂസ് 32 റണ്‍സോടെ പുറത്താകാതെ നിന്നു. നിസ്സങ്ക – മാത്യൂസ് സഖ്യം 111 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ജയത്തിലേക്ക് 125 റണ്‍സ് കൂടി വേണമെന്ന ഘട്ടത്തില്‍ നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ലങ്ക, ആദ്യ സെഷനില്‍ തന്നെ മത്സരം പൂര്‍ത്തിയാക്കുകയായിരുന്നു.
ആദ്യ ഇന്നിങ്സിലും ലങ്കയ്ക്കായി തിളങ്ങിയത് നിസ്സങ്കയായിരുന്നു. 51 പന്തില്‍ നിന്ന് 64 റണ്‍സായിരുന്നു ഒന്നാം ഇന്നിങ്സിലെ സമ്പാദ്യം. ഒന്നാം ഇന്നിങ്സില്‍ 62 റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സില്‍ 156-ല്‍ ഒതുക്കാനായതാണ് ലങ്കയ്ക്ക് നേട്ടമായത്. നാലു വിക്കറ്റ് നേടിയ ലഹിരുകുമാരയും മൂന്നു വിക്കറ്റ് വീഴ്ത്തിയ വിശ്വ ഫെരാന്ഡോയുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.