ഹൈദരാബാദ്: രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ ബംഗ്ലാദേശ് ബൗളര്‍മാരെ അക്ഷരാര്‍ഥത്തില്‍ തല്ലിത്തകര്‍ക്കുകയായിരുന്നു സഞ്ജു സാംസണ്. തനിക്ക് നേരേ വരുന്ന ഓരോ പന്തുകളും വലിച്ചടിച്ച് ഗാലറിയിലെത്തിക്കാന്‍ വെമ്പുന്ന മനസുമായായിരുന്നു കഴിഞ്ഞ ദിവസം സഞ്ജുവിന്റെ ബാറ്റിങ്. ഒടുവില്‍ 40-ാം പന്തില്‍ ഇന്ത്യയ്ക്കായി ടി20 ജേഴ്സിയിലെ ആദ്യ സെഞ്ചുറി തികച്ച സഞ്ജു ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും സ്വന്തമാക്കി. ഇന്ത്യന്‍ താരത്തിന്റെ ടി20-യിലെ വേഗമേറിയ രണ്ടാം സെഞ്ചുറി കൂടിയാണ് സഞ്ജുവിന്റേത്.
മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ എം.എസ് ധോനിക്കോ ഋഷഭ് പന്തിനോ പോലും സ്വന്തമാക്കാന്‍ സാധിക്കാതിരുന്ന നേട്ടമാണ് കഴിഞ്ഞ ദിവസം സഞ്ജു സ്വന്തമാക്കിയത്.
ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ടി20-യിലെ ഉയര്‍ന്ന സ്കോറെന്ന നേട്ടവും നേട്ടവും സഞ്ജു സ്വന്തം പേരിലാക്കി. 2022-ല്‍ ലഖ്നൗവില്‍ ശ്രീലങ്കയ്ക്കെതിരേ 89 റണ്‍സെടുത്ത ഇഷാന് കിഷന്റെ റെക്കോഡാണ് സഞ്ജു മറികടന്നത്. ടി20-യില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ മൂന്നാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന നേട്ടവും സഞ്ജുവിന്റെ പേരിലാണ്. 2022-ല്‍ ഡബ്ലിനില്‍ അയര്‍ലന്‍ഡിനെതിരേ സഞ്ജു 77 റണ്‍സെടുത്തിരുന്നു.
ടി20-യില്‍ സെഞ്ചുറി നേടുന്ന 11-ാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് സഞ്ജു. മാത്രമല്ല സുരേഷ് റെയ്ന, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് ശേഷം ഏകദിനത്തിലും ടി20-യിലും ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്ന ആറാമത്തെ താരവുമായി സഞ്ജു.
ബംഗ്ലാദേശിനെതിരേ സ്പിന്നര്‍ റിഷാദ് ഹുസൈന് എറിഞ്ഞ പത്താം ഓവറില്‍ തുടര്‍ച്ചയായ അഞ്ചു പന്തുകളും സഞ്ജു സിക്സറിന് പറത്തിയിരുന്നു. മത്സരത്തില്‍ 47 പന്തില്‍ നിന്ന് 11 ഫോറും എട്ടു സിക്സുമടക്കം 111 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.