സഞ്ജു ഇന്ത്യയ്ക്കായി കളിച്ചില്ലെങ്കില്‍ നഷ്ടം അയാള്‍ക്കല്ല, ഇന്ത്യന്‍ ടീമിനാണെന്ന് പറഞ്ഞത് ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകന് ഗൗതം ഗംഭീറായിരുന്നു. പിന്നാലെ പരിശീലക സ്ഥാനം ഏറ്റെടുത്തപ്പോള്‍ ആ വാക്ക് കോച്ച് പാലിച്ചു. ആദ്യ മത്സരത്തില്‍ തന്നെ മികച്ച ഷോട്ടുകളുമായി കളംനിറഞ്ഞ സഞ്ജുവിന് പക്ഷേ ആ തുടക്കം മികച്ച സ്കോറിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നാലെ രണ്ടാം മത്സരത്തില്‍ 10 റണ്‍സ് മാത്രമെടുത്ത് മടക്കം. ഇതോടെ മൂന്നാം മത്സരത്തില്‍ സഞ്ജുവിനെ കളിപ്പിക്കുമോ എന്ന സംശയമുണ്ടായി ആരാധകര്‍ക്ക്. (മുന്‍ അനുഭവങ്ങള്‍ അങ്ങനെയാണല്ലോ). എന്നാല്‍ ഗംഭീറിനൊപ്പം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ പിന്തുണ കൂടിയാണ് സഞ്ജുവിന് തുണയായത്. കളത്തിലും കളത്തിന് പുറത്തും.
സഞ്ജുവിന് എന്ത് ചെയ്യാനാകുമെന്ന് നന്നായി അറിയാമായിരുന്ന സൂര്യ നല്കിയ പിന്തുണയാണ് ഒരു മികച്ച ഇന്നിങ്സിലേക്ക് സഞ്ജുവിനെ നയിച്ചതെന്നു പറയാം. മൂന്നാം ഓവറില്‍ അഭിഷേക് ശര്‍മ മടങ്ങിയപ്പോള്‍ നന്നായി തുടങ്ങിയ സഞ്ജു അല്പം സമ്മര്‍ദത്തിലായിരുന്നു. എന്നാല്‍, സൂര്യ ക്രീസിലെത്തിയതോടെയാണ് സഞ്ജു തന്റെ യഥാര്‍ഥ മികവിലേക്ക് ഉയരുന്നത്. സഞ്ജു ഓരോ പന്തുകള്‍ നേരിടുമ്പോഴും സൂര്യ അടുത്തുവന്ന് കൃത്യമായ ഉപദേശങ്ങള്‍ നല്കുന്നുണ്ടായിരുന്നു. സമ്മര്‍ദമേതുമില്ലാതെ സൂര്യയും പതിവു ശൈലിയില്‍ സൂര്യയും ബാറ്റ് വീശിയതോടെ സഞ്ജുവിലെ സമ്മര്‍ദവും അകന്നു. പിന്നാലെ സ്റ്റേഡിയം കണ്ടത് സിക്സറുകളും ബൗണ്ടറികളും നിറഞ്ഞ ഇന്ത്യന്‍ ബാറ്റിങ് ഷോ.
മുസ്തഫുസുര് റഹ്മാനെതിരേ ബാക്ക്ഫൂട്ടിലൂന്നി ഡീപ് എക്സ്ട്രാ കവറിന് മുകളിലൂടെ പറത്തിയ സിക്സറിലുണ്ടായിരുന്നു സഞ്ജുവിന്റെ ക്ലാസ്. തുടക്കം മുതല്‍ തന്നെ സൂര്യയും ഫുള്‍ ഫ്ളോയിലായതോടെ സഞ്ജുവിന് സമ്മര്‍ദമൊന്നുമില്ലാതെ വലിച്ചടിക്കാനായി. ഇരുവരും തമ്മില്‍ പിച്ചില്വെച്ചുള്ള അടുപ്പം കണ്ടപ്പോള്‍ വിരാട് കോലി – എ ബി ഡിവില്ലിയേഴ്സ് സഖ്യത്തെ ഓര്മ വരുന്നെന്നാണ് എക്സില്‍ ഒരാള്‍ കുറിച്ചത്.
ശ്രീലങ്കയ്ക്കെതിരേ ഇതിനു മുമ്പ് നടന്ന പരമ്പരയില്‍ രണ്ടു മത്സരങ്ങളില്‍ ഡക്കായി മടങ്ങിയ സഞ്ജു വിമര്‍ശനങ്ങള്‍ ഏറെ കേട്ടിരുന്നു. എന്നാല്‍ താരത്തെ മാറ്റിനിര്‍ത്താതെ ടീം മാനേജ്മെന്റും പരിശീലകനും ക്യാപ്റ്റന്‍ സൂര്യയും ഒപ്പം കൂട്ടിയതോടെ പിറന്നത് ഈ അടുത്ത കാലത്ത് ഒരു ഇന്ത്യന്‍ താരത്തില്‍ നിന്നുണ്ടായ ഏറ്റവും മികച്ച ബാറ്റിങ് വിരുന്നുകളിലൊന്നായിരുന്നു.
അടിച്ചടിച്ച് 90 പിന്നിട്ടപ്പോള്‍ ക്ഷമ കാണിച്ച് ആവശ്യത്തിന് സമയമെടുത്ത് ആ നേട്ടം സ്വന്തമാക്കണമെന്നും ഉപദേശിക്കുന്നുണ്ടായിരുന്നു സൂര്യ. ഒരുവില്‍ സെഞ്ചുറി തികച്ച ശേഷം സൂര്യയ്ക്ക് നേരെയുള്ള സഞ്ജുവിന്റെ ആ നോട്ടത്തിലുണ്ടായിരുന്നു തനിക്ക് നല്കിയ പിന്തുണയ്ക്കുള്ള സ്നേഹം മുഴുവന്‍. സഞ്ജു സെഞ്ചുറിയടിച്ചപ്പോള്‍ സൂര്യയുടെ മുഖത്തും അതേ ആഹ്ളാദമുണ്ടായിരുന്നു. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച സഞ്ജു – സൂര്യ സഖ്യം 173 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടും പടുത്തുയര്‍ത്തി.
മത്സരശേഷം സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിനും സൂര്യ കമന്റുമായി എത്തിയിരുന്നു. മത്സരത്തില്‍ 47 പന്തുകള്‍ നേരിട്ട് എട്ടു സിക്സും 11 ഫോറുമടക്കം 111 റണ്‍സെടുത്താണ് സഞ്ജു മടങ്ങിയത്. സൂര്യ 35 പന്തില്‍ നിന്ന് അഞ്ചു സിക്സും എട്ട് ഫോറുമടക്കം 75 റണ്‍സെടുത്തു. ഇരുവരുടെയും തകര്‍പ്പന്‍ ബാറ്റിങ്ങിനൊപ്പം ഹാര്‍ദിക് പാണ്ഡ്യയും റിയാന്‍ പരാഗും കൂടി തിളങ്ങിയതോടെ 20 ഓവറില്‍ ഇന്ത്യ അടിച്ചെടുത്തത് ആറിന് 297 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍. ബംഗ്ലാദേശിനെ 164 റണ്‍സിലൊതുക്കി 133 റണ്‍സിന്റെ വമ്പന്‍ ജയവും ഇന്ത്യ സ്വന്തമാക്കി.