ആരാധകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നതാണ് ടി 20 ലോകകപ്പിന്റെ ഫൈനല്‍. സൂര്യകുമാര്‍ യാദവിന്റെ ക്യാച്ച്, ഡെത്ത് ഓവറിലെ പേസര്‍മാരുടെ കിടിലന്‍ ബൗളിങ്, വിരാട് കോലിയുടെ അര്‍ധസെഞ്ചുറി എന്നിങ്ങനെ കിരീടപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാന്‍ ഇന്ത്യയെ സഹായിച്ച നിരവധി ഘടകങ്ങളുണ്ട്. എന്നാല്‍, ഇന്ത്യയുടെ വിജയത്തില്‍ വലിയ സുപ്രധാന പങ്കുവഹിച്ച മറ്റൊരു ഘടകം കൂടിയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അന്നത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ലോകകപ്പ് ഫൈനലില്‍ മത്സരത്തിന്റെ താളം മാറ്റിയത് ഋഷഭ് പന്തിന്റെ തന്ത്രം കാരണമാണെന്ന് രോഹിത് ശര്‍മ പറയുന്നു. കപില്‍ ശര്‍മയുടെ കോമഡി ഷോയിലാണ് രോഹിത്തിന്റെ വെളിപ്പെടുത്തല്‍.
മത്സരത്തിന്റെ ഒരുഘട്ടത്തില്‍ 30 പന്തില്‍ 30 റണ്‍സ് എടുത്താല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാമായിരുന്നു. പതിനാറാം ഓവര്‍ എറിഞ്ഞ ബുറ നാലു റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. ഇതോടെ അവസാന 24 പന്തില്‍ 26 റണ്‍സ് എന്നതായി ദക്ഷിണാഫ്രിക്കയുടെ വിജലക്ഷ്യം. ഈ സമയത്ത് കാര്യങ്ങള്‍ മന്ദഗതിയിലാക്കാന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ഇടപെട്ടതെന്ന് രോഹിത് വെളിപ്പെടുത്തി. കാല്‍മുട്ടിന് പരിക്കേറ്റ ഋഷഭ് പന്ത് വേദന അനുഭവപ്പെടുന്നു എന്നപേരില്‍ ടീം ഫിസിയോയെ ഗ്രൗണ്ടിലേക്ക് വിളിപ്പിച്ചു. പിന്നാലെ പന്തിന്റെ കാല്‍മുട്ടില്‍ ടീം ഫിസിയോ ടേപ്പ് ഒട്ടിക്കുകയും ചെയ്തു. ഈ ഇടവേള ദക്ഷിണാഫ്രിക്കയുടെ താളം തെറ്റിക്കാന്‍ ഇന്ത്യയെ സഹായിച്ചു.
”മത്സരം പുരോഗമിക്കുമ്പോഴാണ് പന്ത് പരിക്കേറ്റ് ഗ്രൗണ്ടില്‍ കിടന്നത്. ഇതോടെ മത്സരത്തിന്റെ വേഗം കുറഞ്ഞു. അതുവരെ മികച്ച ഫോമിലായിരുന്ന ക്ലാസനും മില്ലറും ഈ ഘട്ടത്തില്‍ എത്രയും വേഗം കളിക്കാനാകും ആഗ്രഹിക്കുക. കളിയുടെ ഒഴുക്ക് തടഞ്ഞാലേ എന്തെങ്കിലും സാധ്യതയുള്ളൂ എന്നു തിരിച്ചറിഞ്ഞ പന്തിന്റെ തന്ത്രം ഫലിച്ചു. ഇതാണ് ഇന്ത്യ ജയിക്കാനുള്ള ഏക കാരണമെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ, ഇതും ഒരു കാരണമാണ്. പന്ത് തന്റെ ബുദ്ധി ഉപയോഗിച്ച് പയറ്റിയ തന്ത്രം ടീമിന് ഗുണകരമായി’ രോഹിത് പറഞ്ഞു.
ടി 20 ലോകകപ്പിന്റെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് എടുത്തത്. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം ഏഴ് റണ്‍സ് അകലെ അവസാനിച്ചു. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് എടുക്കാനെ അവര്‍ക്ക് സാധിച്ചുള്ളൂ. ഇതോടെ ഇന്ത്യ കിരീടം സ്വന്തമാക്കുകയും ചെയ്തു.