കോഴിക്കോട്: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഒരോ വര്‍ഷവും അനിയന്ത്രിതമായ വര്‍ധനയെന്ന് കേരള ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍.
2023ല്‍ മാത്രം 18980 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. എട്ട് വര്‍ഷത്തിനുള്ളില്‍ 1,33,595 കേസുകളുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകല്‍, പെണ്‍കുട്ടികളെ ശല്യം ചെയ്യല്‍, സ്ത്രീധന മരണം, ഭര്‍ത്താവിന്റെയോ ബന്ധുക്കളുടേയോ ക്രൂരതകള്‍, മറ്റുള്ളവ എന്നീ വിഭാഗങ്ങളിലായാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2024ല്‍ ജൂണ്‍ വരെ മാത്രം 9501 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
2023ല്‍ ബലാത്സംഗകുറ്റത്തില് 2526 കേസുകളും പീഡനത്തിന് 4816 കേസുകളും തട്ടിക്കൊണ്ടുപോകല്‍ പ്രകാരം 191 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടികളെ ശല്യം ചെയ്യല്‍-679, സ്ത്രീധന മരണം-8, ഭര്‍ത്താവിന്റെയും ബന്ധുക്കളുടേയും ക്രൂരതകള്‍-4710, മറ്റ് കുറ്റകൃത്യങ്ങള്‍-6014 എന്നിങ്ങനെയാണ് കണക്കുകള്‍.
2020ലാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്, 12659 കേസുകള്‍. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാത്ത കേസുകള്‍ ഇതില്‍ കൂടുതല്‍ വരുമെന്നാണ് സൂചന.
അതേസമയം നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ മെയില്‍ പുറത്ത് വന്ന അവസാന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ ഓരോ മണിക്കൂറിലും സ്ത്രീകള്‍ക്കെതിരായി 51 അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്.
2022ല്‍ മാത്രം 4.4 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2021 ല്‍ 4,28,278 കേസുകളും 2020ല്‍ 3,71,503 കേസുകളുമാണുണ്ടായത്. എന്നാല്‍ ഇതില്‍ തന്നെ ജനസംഖ്യാ ആനുപാതം അനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ 3,71,503ത്തോളം വരുമെന്നാണ് ദേശീയ ക്രൈം റൊക്കോര്‍ഡ്സ് ബ്യൂറോയുടെ നിഗമനം. മഹാരാഷ്ട്ര, രാജസ്ഥാന്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ മുന്നില്‍.