കോഴിക്കോട്: മുന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിനെതിരേ ആരോപണവുമായി കൂടുതല്‍പേര്‍ രംഗത്ത്. രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുജിത് ദാസ്, പ്രതികളില്‍നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം.
പണം നല്കാത്തവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ഭീഷണിപ്പെടുത്തിയെന്നും മൂന്നുവര്‍ഷം കഴിഞ്ഞിട്ടും കേസില്‍ കുറ്റപത്രം നല്‍കിയിട്ടില്ലെന്നും കേസിലെ പ്രതികളായ രണ്ടുപേര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍പേരില്‍നിന്ന് പണം കൈക്കലാക്കാന്‍ വേണ്ടിയാണ് ഇതുവരെ കുറ്റപത്രം നല്‍കാത്തതെന്നും ഇവര്‍ ആരോപിച്ചു.
2021-ലാണ് രാമനാട്ടുകരയില്‍ സ്വര്‍ണം പൊട്ടിക്കലിനിടെ വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് പേര് മരിച്ചത്. വലിയ കോളിളക്കം സൃഷ്ടിച്ച കേസില്‍ അറുപതോളം പേര് പ്രതികളായി. എന്നാല്‍, സംഭവസമയത്ത് നാട്ടില്‍പോലും ഇല്ലാത്തവരെ സുജിത് ദാസ് കേസില്‍ പ്രതിചേര്‍ത്തെന്നാണ് പ്രതിപ്പട്ടികയിലുള്ള ചിലര്‍ ആരോപിക്കുന്നത്.
”പ്രതിചേര്‍ക്കപ്പെട്ടവരുടെ വീട്ടുകാരോട് പോലീസ് ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെട്ടു. പണം നല്കിയാല് കേസില്‍നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞാണ് പണം ചോദിച്ചത്. ഡാന്‍സാഫ് അംഗമായ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് എന്റെ ബന്ധുക്കളോട് പണം ആവശ്യപ്പെട്ടത്. പണം നല്കിയാല് കേസില്‍നിന്ന് ഒഴിവാക്കാമെന്നായിരുന്നു വാഗ്ദാനം. സാധാരണ കുടുംബമായതിനാല്‍ പണം കൊടുക്കാനായില്ല.
എന്റെ ഒരു സിംകാര്‍ഡ് അവിടെ ഉണ്ടായിരുന്നെന്ന് പറഞ്ഞാണ് എന്നെ കേസില്‍ പ്രതിചേര്‍ത്തത്. കരിപ്പൂരിന് സമീപത്താണ് കുറ്റകൃത്യം നടന്നത്. പക്ഷേ, എന്നെ തെളിവെടുപ്പിന് കൊണ്ടുവന്നത് എന്റെ സ്വന്തം നാട്ടിലേക്കാണ്. കേസില്‍ നീ ശിക്ഷിപ്പെടാന്‍ പോകുന്നില്ലെന്നും നാട്ടുകാരുടെ മുന്നില്‍ അപമാനിക്കാനാണ് ഇത് ചെയ്യുന്നതെന്നും പറഞ്ഞ് ഡാന്‍സാഫ് അംഗങ്ങള്‍ അന്ന് എന്നെ വാഹനത്തില്‍നിന്ന് വലിച്ചിറക്കുകയായിരുന്നു. ഇതുവരെ ഒരു പെറ്റികേസില്‍ പോലും ഉള്‍പ്പെടാത്ത താമരശ്ശേരിയിലുള്ള ആംബുലന്‍സ് ഡ്രൈവറും ഈ കേസില്‍ പ്രതിയായി. 60-ഓളം ദിവസമാണ് അയാള്‍ ജയിലില്‍ കിടന്നത്”, പ്രതികളിലൊരാള്‍ പറഞ്ഞു.
കേസില്‍നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥന് പണം കൊടുത്തിട്ടുണ്ടെന്ന് മറ്റൊരു പ്രതിയും പ്രതികരിച്ചു. കേസില്‍നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പക്ഷേ, ഒന്നും ഉണ്ടായില്ല. കേസില്‍ ഇതുവരെ കുറ്റപത്രം നല്‍കിയിട്ടില്ല. ദുബായിലുള്ളവരടക്കം പ്രതിപ്പട്ടികയിലുണ്ട്. അവരില്‍നിന്ന് പണം കൈക്കലാക്കാനാണ് നീക്കം. സുജിത് ദാസിന് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധമുണ്ടാകാമെന്നും ഇയാള്‍ ആരോപിച്ചു.