ദോഹ: ഖത്തറിൽ 2024-25 പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർത്ഥികൾക്ക് ഏറ്റവും പുതിയ സുരക്ഷയും സുരക്ഷാ സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്ന 3,000 പരിസ്ഥിതി സൗഹൃദ സ്കൂൾ ബസുകൾ പുറത്തിറക്കിയതായി മൊവാസലാത്ത് (കർവ) അറിയിച്ചു.
“കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി സ്കൂളുകൾക്കായി യൂറോ 5 നിലവാരമുള്ള ഡീസൽ ബസുകളും, പത്ത് ഇലക്ട്രിക് ബസുകളും ഞങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാൻ സ്കൂൾ ബസുകളുടെ ഡ്രൈവർമാർക്കും സൂപ്പർവൈസറുകൾക്കും പരിശീലനം നടത്തിയിട്ടുണ്ട്,” മൊവാസലാത്ത് സ്ട്രാറ്റജി മാനേജ്മെൻ്റ് ഓഫീസ് ഡയറക്ടർ മുഹമ്മദ് അഹമ്മദ് എം കെ അബുഖാദിജ പറഞ്ഞു.
വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച്, “മൈ സ്കൂൾ ഈസ് മൈ സെക്കന്റ് ഹോം” എന്ന പ്രമേയത്തിൽ 2024-2025 പുതിയ അധ്യയന വർഷത്തേക്കുള്ള ബാക്ക്-ടു-സ്കൂൾ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. പുതിയ അധ്യയന വർഷത്തേക്ക് വിദ്യാർത്ഥികളെ മാനസികമായി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഇന്നലെ (ഓഗസ്റ്റ് 25) ആരംഭിച്ച കാമ്പയിൻ ഓഗസ്റ്റ് 31 വരെ തുടരും. ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ദിവസവും ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 9 മണി വരെ ബാക്ക്-ടു-സ്കൂൾ കാമ്പയിനിന്റെ വിവിധ പരിപാടികളും സംഘടിപ്പിക്കും. കൂടാതെ, ആരോഗ്യകരവും പോസിറ്റീവുമായ സ്കൂൾ അന്തരീക്ഷത്തിൽ പഠനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള ശിൽപശാലകളും ഉണ്ടായിരിക്കും.
“ബാക്ക്-ടു-സ്കൂൾ കാമ്പെയ്നെ പിന്തുണയ്ക്കുന്നതിന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായുള്ള ഞങ്ങളുടെ നിലവിലുള്ള പങ്കാളിത്തത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇത് വിദ്യാർത്ഥികൾക്ക് പ്രചോദിപ്പിക്കുന്ന വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” മൊവാസലാത്ത് സ്ട്രാറ്റജി മാനേജ്മെൻ്റ് ഓഫീസ് ഡയറക്ടർ മുഹമ്മദ് അഹമ്മദ് എം കെ അബുഖാദിജ പറഞ്ഞു.
സ്കൂൾ വർഷാരംഭത്തോടൊപ്പമുള്ള ഉത്കണ്ഠയും സമ്മർദ്ദവും ലഘൂകരിക്കാൻ സഹായിക്കുന്ന രസകരവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ ഇടപഴകാൻ ലക്ഷ്യമിട്ടുള്ള വാർഷിക സംരംഭമാണ് ബാക്ക്-ടു-സ്കൂൾ കാമ്പെയ്ൻ. പുതിയ അധ്യയന വർഷത്തിന് വിജയകരവും ഫലപ്രദവുമായ തുടക്കം ഉറപ്പാക്കുന്നതിന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൂർണ്ണ പിന്തുണ നൽകുന്നതിനുള്ള മൊവാസലാത്തിൻ്റെയും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെയും പ്രതിബദ്ധതയാണ് ബാക്ക്-ടു-സ്കൂൾ കാമ്പയിൻ പ്രതിഫലിപ്പിക്കുന്നത്. പുതിയ വിദ്യാർത്ഥികൾക്കിടയിൽ ഭയവും ഉത്കണ്ഠയും കുറയ്ക്കുക എന്നതാണ് കാമ്പെയ്നിൻ്റെ പ്രാഥമിക ലക്ഷ്യം.