തിരുവനന്തപുരം: പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ ആരോപണത്തില്‍ എ.ഡി.ജി.പി. എം.ആര്. അജിത്കുമാറിനെ സംരക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്താതെ അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദര്‍വേശ് സാഹിബിന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘമാണ് അന്വേഷണം നടത്തുക.
ഡി.ജി.പി.യുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അന്വേഷണം നടത്തും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍, തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. തോംസണ്‍ ജോസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി. എസ്. മധുസൂദനന്, എസ്.പി. എ. ഷാനവാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
അതേസമയം ഇക്കാര്യങ്ങളില്‍ നാളെ മുഖ്യമന്ത്രിയെ കണ്ടശേഷം പ്രതികരിക്കാമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. അറിയിച്ചു. അന്വേഷണം നടക്കുമ്പോഴും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. സ്ഥാനത്ത് അജിത്കുമാര്‍ തുടരും. പത്തനംതിട്ട എസ്.പി. എസ്. സുജിത്ത്ദാസിനെ സ്ഥലംമാറ്റി. പുതിയ ചുമതല നല്‍കിയില്ല.
വൈകീട്ട് ആറുമുതല്‍ മുഖ്യമന്ത്രിയും പോലീസ് മേധാവി ദര്‍വേഷ് സാഹിബും അജിത്കുമാറിനെതിരേ നടപടിയെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റാതെതന്നെ അന്വേഷണം നടത്താം എന്ന രീതി സ്വീകരിക്കാന്‍ തീരുമാനിച്ചു.