കോട്ടയം: സപ്ലൈകോ രണ്ടിനങ്ങളുടെ വിലകൂട്ടും. മൂന്നിനങ്ങളുടെ വിലകുറയ്കും. ഓണച്ചന്ത വ്യാഴാഴ്ച തുടങ്ങുമ്പോൾ പുതിയവില നിലവിൽവരും. രാവിലെ പുതിയവില ജില്ലാകേന്ദ്രങ്ങളിലെത്തും. പഞ്ചസാര, മട്ടയരി എന്നിവയുടെ വിലയാണ് കൂടുക. പഞ്ചസാര കിലോഗ്രാമിന് 27-ൽനിന്ന് 33 രൂപയാകും.
മട്ടയരി 30-ൽനിന്ന് 33 രൂപയും. ചെറുപയർ 93-ൽനിന്ന് 90 ആയും ഉഴുന്ന് 95-ൽനിന്ന് 90 ആയും വറ്റൽമുളക് 82-ൽനിന്ന് 78 ആയും കുറയ്ക്കും. പൊതുവിപണിയിലെ വിലമാറ്റത്തിന് ആനുപാതികമായിട്ടാണ് മാറ്റമെന്നാണ് സപ്ലൈകോ വിശദീകരണം. മാറ്റത്തിന് ഭക്ഷ്യവകുപ്പ് അംഗീകാരംനൽകി.
പഞ്ചസാരയ്ക്ക് പൊതുവിപണിയിൽ 44 രൂപയാണ് ചില്ലറവില. സപ്ലൈകോയ്ക്ക് ഏജൻസികൾ നൽകുന്ന വിലയും അതുതന്നെ. അരിക്ക് 36 രൂപവരെയാണ് ഏജൻസികൾ ഇൗടാക്കുന്നത്. ഇൗ സാഹചര്യത്തിൽ വർധനകൂടാതെ മുന്നോട്ടുപോകാനാകില്ലെന്ന് സപ്ലൈകോ റിപ്പോർട്ടുനൽകി.
വിലവ്യത്യാസത്തിന് അനുമതിനൽകേണ്ട സാഹചര്യമാണെന്ന് മന്ത്രി ജി.ആർ. അനിൽ പ്രതികരിച്ചു.ഒാണച്ചന്തകൾക്ക് ഒരുക്കം നടക്കുന്നതിനിടെ സപ്ലൈകോയ്ക്ക് സർക്കാർ അനുവദിച്ച 205 കോടി ഇതേവരെ അക്കൗണ്ടിൽ എത്തിയിട്ടില്ല. പണംവൈകില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ഒാണംഫെയറിലെ സബ്സിഡിരഹിത ഉത്പന്നങ്ങൾക്കുള്ള അധികവിലക്കുറവ് സപ്ലൈകോയുടെ സാമ്പത്തികസ്ഥിതിക്ക് ഗുണംചെയ്യുമെന്നാണ് പ്രതീക്ഷ.
200 ഉത്പന്നങ്ങളാണ് ഇൗ വിഭാഗത്തിലുള്ളത്. ഇവയ്ക്ക് സ്ഥാപനംനൽകുന്ന വിലക്കുറവിനുപുറമേ ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ വാങ്ങിയാൽ 10 ശതമാനം അധികം വിലക്കുറവും ലഭിക്കും.