ചെന്നൈ: ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ എയര്‍ ഷോയ്ക്കായി ഞായറാഴ്ച ചെന്നൈയിലെ മറീന ബീച്ചില്‍ തടിച്ചുകൂടിയ കാണികളില്‍ അഞ്ച് പേര് മരിക്കുകയും 50 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നിര്‍ജ്ജലീകരണവും കടുത്ത ക്ഷീണവുമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ സംഘാടകർ പരാജയപ്പെട്ടുവെന്നും ഗതാഗതക്രമീകരണങ്ങള് പാളിയെന്നുമാണ് പരിപാടിയില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ആളുകള്‍ക്ക് പരിപാടി വീക്ഷിക്കാന്‍ കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയില്ലെന്നും മരണത്തിന് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവാദിയാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ കുറ്റപ്പെടുത്തി. ‘എയര്‍ ഷോ’യിൽ തിക്കും തിരക്കും കാരണം അഞ്ചു പേര് മരിക്കുകയും 200 ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വാര്‍ത്ത ഞെട്ടലുണ്ടാക്കി. ഷോ കാണാനെത്തിയവർക്ക് അടിസ്ഥാന സൗകര്യങ്ങളും മതിയായ ഗതാഗതസംവിധാനങ്ങളും ഒരുക്കാതെ ഡിഎംകെ സര്‍ക്കാര്‍ പൊതുജനങ്ങളുടെ സുരക്ഷയില്‍ ശ്രദ്ധിക്കാത്തതാണ് കാരണമെന്നും അണ്ണാമലൈ ആരോപിച്ചു. എയര്‍ഫോഴ്സ് ഷോയ്ക്കിടെ അഞ്ച് പേര് മരിച്ച സംഭവം വളരെ വേദനാജനകമാണെന്നും നിയന്ത്രിക്കാന്‍ കഴിയാത്ത ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നും ഡിഎംകെ എംപി കനിമൊഴി പറഞ്ഞു.
മറീന ബീച്ചിലെ എയര്ഷോ കാണാന്‍ വന്‍ ജനക്കൂട്ടമെത്തിയതോടെ നിയന്ത്രണങ്ങള്‍ പാളിയിരുന്നു. ബീച്ച് റോഡില്‍ വാഹനഗതാഗതം നിയന്ത്രിക്കുകയും സമീപത്തുള്ള സ്കൂളുകളിലും കോളേജുകളിലും പാര്‍ക്കിങ് സൗകര്യമേര്‍പ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും ഒന്നും ഫലവത്തായില്ല. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പരമാവധി മെട്രോ, എം.ആര്.ടി.എസ്. സര്‍വീസുകളെ ആശ്രയിക്കണമെന്ന ഉപദേശം ജനം സ്വീകരിച്ചെങ്കിലും അതുകൊണ്ടും പ്രശ്നംതീര്‍ന്നില്ല. മറീനയിലേക്കുള്ള പ്രവേശനറോഡുകളില്‍ രാവിലെ മുതല്‍ത്തന്നെ വാഹനങ്ങളും കാല്‍നടയാത്രക്കാരും നിറഞ്ഞു. നടന്നുനീങ്ങാന്പോലുംപറ്റാതെ പലപ്പോഴും ജനം വഴിയില്‍ക്കുടുങ്ങി.
വിശാലമായ കടല്‍ത്തീരമുള്ളതുകൊണ്ട് മറീന ബീച്ചില്‍ തിക്കുംതിരക്കുമനുഭവപ്പെട്ടില്ല. എന്നാല്‍, എയര്‍ ഷോ കഴിയാറായപ്പോള്‍ ജനങ്ങള്‍ തിരിച്ചുനടക്കാന്‍ തുടങ്ങിയതോടെ റോഡുകളില്‍ തിക്കുംതിരക്കും നിയന്ത്രണാതീതമായി. മണിക്കൂറുകള്‍ക്കുശേഷമാണ് പലര്‍ക്കും പുറത്തുകടക്കാനായത്. 6500 പോലീസുകാരെയും 1500 ഹോം ഗാര്‍ഡുകളെയും സുരക്ഷാസംവിധാനമൊരുക്കാന്‍ നിയോഗിച്ചിരുന്നെങ്കിലും ജനങ്ങളെ നിയന്ത്രിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
തളര്‍ന്നുവീണവരെ ആശുപത്രിയിലെത്തിക്കാന്‍പോയ ആംബുലന്‍സുകളും വഴിയില്‍ക്കുടുങ്ങി. തളര്‍ന്നുവീണ ഒരാള്‍ ഓമന്തുരാര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഞായറാഴ്ച നഗരത്തിന്റെ കനത്തചൂടാണ് അനുഭവപ്പെട്ടത്. ചൂടില്‍ കുടിവെള്ളവിതരണംപോലും ഇല്ലാതിരുന്നതും കാണികളെ വലച്ചു.