ഹരിപ്പാട്: സന്ധ്യയോടെ വീട്ടിൽനിന്നു മോഷണംപോയത് അഞ്ചേമുക്കാൽ പവന്റെ സ്വർണാഭരണങ്ങൾ. പിന്നാലെ പോലീസെത്തി അന്വേഷണം തുടങ്ങി. സംശയമുള്ളവരുടെയെല്ലാം വിരലടയാളമെടുക്കും, പോലീസ് നായയെക്കൊണ്ടു തിരച്ചിൽ നടത്തിക്കും തുടങ്ങിയ ‘ഭീഷണി’കൾ മുഴക്കിയാണ് പോലീസ് സംഘം മടങ്ങിയത്. നേരംപുലർന്നപ്പോഴേക്കും ഇതിൽ അഞ്ചുപവന്റെ ആഭരണങ്ങൾ സഞ്ചിയിലാക്കി മോഷണം നടന്ന വീടിന്റെ മുറ്റത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടു.
മുക്കാൽ പവന്റെ വള കാണാനില്ലായിരുന്നു. സംശയംതോന്നിയ പോലീസ് സംഘം അയൽവാസിയായ സ്ത്രീയെ ചോദ്യംചെയ്തപ്പോൾ മോഷണം നടത്തിയതായി സമ്മതിച്ചു. സംഭവത്തിൽ കരുവാറ്റ സ്വദേശി സരസമ്മ (55) അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡുചെയ്തു.
കരുവാറ്റ വടക്ക് മണക്കാടൻ പള്ളിപ്പടിയിൽ ലിസി മാത്യുവിന്റെ വീട്ടിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയ്ക്കും ആറരയ്ക്കും മധ്യേയായിരുന്നു മോഷണം. ലിസി മാത്യുവും ചെറുമകനും പുറത്തേക്കുപോയപ്പോൾ വാതിൽ പൂട്ടിയിരുന്നില്ല. ഒരുമണിക്കൂറിനുശേഷം മടങ്ങിയെത്തിയപ്പോഴേക്കും സ്വർണനാണയം, കഴുത്തുവട്ടം, കൈച്ചെയിൻ, മോതിരം, വള എന്നിവയുൾപ്പെടെ അഞ്ചേമുക്കാൽ പവന്റെ ആഭരണങ്ങൾ മോഷണംപോയിരുന്നു.
താക്കോൽ അലമാരയുടെ മുകളിലാണ് സൂക്ഷിച്ചിരുന്നത്. മുൻവാതിൽ തുറന്നു കയറി താക്കോലെടുത്താണ് അലമാര തുറന്നത്. തങ്ങൾ പുറത്തേക്കുപോയപ്പോൾ സ്ത്രീ റോഡരികിൽ നിൽക്കുന്നതു കണ്ടതായി വീട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു.
രാത്രിതന്നെ ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസിനെ കണ്ടപ്പോഴാണ് പലരും മോഷണവിവരം അറിയുന്നത്. അടുത്തദിവസം രാവിലെ സംശയമുള്ളവരുടെ വിരലടയാളമെടുക്കുമെന്ന് പരസ്യമായി പറഞ്ഞാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.
ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സ്വർണാഭരണങ്ങൾ സഞ്ചിയിലാക്കി ഉപേക്ഷിച്ചതായി കാണുന്നത്. വീട്ടുകാർ പോലീസിനെ വിവരമറിയിച്ചു. എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലെ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മുക്കാൽപ്പവന്റെ വള കാണാനില്ലെന്നറിയുന്നത്.
അപ്പോൾത്തന്നെ സരസമ്മയെ ചോദ്യംചെയ്തെന്നും പ്രതി കുറ്റമേറ്റതായും പോലീസ് പറഞ്ഞു. വള സന്ധ്യയ്ക്കുതന്നെ സമീപത്തെ ഒരു വീട്ടിൽ പണയംവെച്ചതായാണ് പ്രതി മൊഴി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.