ഇരിട്ടി: ഇരിട്ടി, കുടക്, മൈസൂരു മേഖലകളിൽ കടകൾ, വീട്, ക്ഷേത്രം, മസ്ജിദ്, കൃസ്ത്യൻപള്ളി എന്നിവയിലടക്കം കവർച്ചയും ബൈക്ക്മോഷണവും നടത്തിയ കേസിൽ മലയാളികളായ രണ്ടുപേരെ വീരാജ്പേട്ടയിൽ പോലീസ് അറസ്റ്റുചെയ്തു.
ഉളിക്കൽ മണ്ഡപപ്പറമ്പിലെ ടി.എ. സലിം (42), കുടക് സോമവാർപേട്ട ഗാന്ധിനഗറിലെ താമസക്കാരനും മലയാളിയുമായ സഞ്ജു (സഞ്ജയ്കുമാർ-30) എന്നിവരെയാണ് വീരാജ്പേട്ട പോലീസും ഇരിട്ടി പോലീസും ചേർന്ന് പിടികൂടിയത്.
ഇരുപതുവർഷമായി കേരളത്തിലും കുടക്, മൈസൂരു ജില്ലകളിലുമായി നിരവധി മോഷണക്കേസുകളിൽ പ്രതിയാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തയാളാണ് സലിം.
ജൂലായിൽ വീരാജ്പേട്ടയിലെ നയരാ പെട്രോൾപമ്പിൽ മോഷണം നടത്തി പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ സമയത്താണ് വീണ്ടും നിരവധി മോഷണം നടത്തിയതെന്ന് വീരാജ്പേട്ട പോലീസ് പറഞ്ഞു.
കഴിഞ്ഞമാസം 10-ന് മാടത്തിൽ പൂവ്വത്തിൻകീഴിൽ ഭഗവതിക്ഷേത്രം, പെരിങ്കരി പള്ളി, കേളകത്തെ മസ്ജിദ്, ഒരു വീട് എന്നിവിടങ്ങളിൽ മോഷണം നടത്തിയത് ഇവരായിരുന്നു. തുടർന്ന് 21-ന് ഇരിട്ടിടൗണിലെ രണ്ട് മൊബൈൽഷോപ്പുകളുടെ പൂട്ട് തകർത്ത് അകത്തുകടന്ന ഇവർ മൊബൈലുകളും പണവും കവർന്നശേഷം ഇരിട്ടി സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസിനു മുൻവശം നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചു. ഇരിട്ടിമേഖലയിലെ കവർച്ചകൾക്കും രണ്ട് ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചതിനും ഇവർക്കെതിരേ കേസെടുത്തു.
കുടക് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അഞ്ച് കേസും മൈസൂരു സിറ്റി സ്റ്റേഷനിൽ രണ്ട് കേസും കണ്ണൂർ ജില്ലയിൽ നാല് കേസുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1,50,000 രൂപ വിലമതിക്കുന്ന മൂന്ന് ഇരുചക്രവാഹനങ്ങളും 9,050 രൂപയും പ്രതികളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഒന്നിപ്പിച്ചത് ജയിലിലെ സൗഹൃദം
:സഞ്ജയ്കുമാറിനെ ജയിലിലാണ് സലിം പരിചയപ്പെടുന്നത്. 2011-ൽ മോഷണക്കേസിൽ മടിക്കേരി ജയിലിൽ കഴിയുമ്പോഴായിരുന്നു ഇവർ പരിചയപ്പെട്ടത്.
ഇതിനുശേഷം കുശാൽനഗർ, മടിക്കേരി, ഹുൻസൂർ, പെരിയപട്ടണം, കേരളത്തിലെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇരുവരും സംയുക്തമായി കവർച്ച നടത്തിയതായും വീരാജ്പേട്ട പോലീസ് അറിയിച്ചു.
കഴിഞ്ഞമാസം ഇരിട്ടിയിലെ മൊബൈൽഷോപ്പുകളിൽ കവർച്ച നടത്തി ബൈക്കും മോഷ്ടിച്ച് കടഞ്ഞുകളഞ്ഞവരെക്കുറിച്ച് ഇരിട്ടി പോലീസും അന്വേഷണം നടത്തിവരികയായിരുന്നു.
അന്ന് നിരീക്ഷണ ക്യാമറ പരിശോധിച്ചതിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇരിട്ടിയിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി ഇവർ തലശ്ശേരി ഭാഗത്തേക്ക് പോയതും തിരിച്ച് കൂട്ടുപുഴ വഴി കർണാടകത്തിലേക്കു കടന്നതുമായ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ഇരിട്ടി ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസും കർണാടകത്തിൽ പ്രതികൾക്കായി തിരച്ചിൽ നടത്തുന്നതിനിടയാണ് ഇവർ രണ്ടുപേരും പിടിയിലാകുന്നത്.
28-ന് വീരാജ്പേട്ട താലൂക്കിലെ ബേത്രി വില്ലേജിലെ ഒരു സൂപ്പർമാർക്കറ്റിന്റെ ഷട്ടർ തകർത്ത് 25,000 രൂപയും സിഗരറ്റ് പായ്ക്കറ്റുകളും മോഷ്ടിച്ചതായി കടയുടമ വിരാജ്പേട്ട് റൂറൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
മുതിർന്ന ജില്ലാ പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ പരിശോധനയ്ക്കിടെയാണ് രണ്ടുപേരും വീരാജ്പേട്ടയിൽ പിടിയിലായത്.
കുടക് ജില്ലാ പോലീസ് സൂപ്രണ്ടുമാരായ കെ.എൻ. രാമരാജന്റെയും അഡീഷണൽ ജില്ലാ സൂപ്രണ്ട് കെ. സുന്ദർരാജിന്റെയും നിർദേശപ്രകാരം വീരാജ്പേട്ട സബ് ഡിവിഷൻ ഡിവൈ.എസ്.പി. മോഹൻകുമാർ, വിരാജ്പേട്ട ഇൻസ്പെക്ടർ ബി. ശിവരുദ്ര, വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിലെ സി.സി. മഞ്ജുനാഥ്, വാണിശ്രീ, പി.ഐ. രാമകൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ്ചെയ്തത്.
ഇരിട്ടി ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇരിട്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജോയ്, ബിനീഷ്, സുകേഷ്, പ്രവീൺ, ആറളം പോലീസ് സ്റ്റേഷനിലെ ജയദേവൻ എന്നിവരും ഉണ്ടായിരുന്നു.
നിലവിൽ കർണാടക പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ കൂടുതൽ അന്വേഷണത്തിനായി അടുത്തദിവസം ഇരിട്ടിയിൽ എത്തിക്കും .