ആലപ്പുഴ: കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കുന്ന കേസുകളില്‍ (പോക്സോ) 10 വര്‍ഷത്തിനിടെ നാലുമടങ്ങിലേറെ വര്‍ധന. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ 2023-24 വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ചാണിത്. 2013-ല്‍ 1,002 കേസുകളാണ് രജിസ്റ്റര്‍ചെയ്തതെങ്കില്‍ 2023 ആയപ്പോള്‍ 4,663-ലെത്തി. അതിക്രമം കൂടുതലും നടക്കുന്നത് വീടുകളില്‍ത്തന്നെയാണ്.
2023-ല്‍ രജിസ്റ്റര്‍ചെയ്ത കേസുകളില്‍ അക്രമത്തിനിരയായവരില്‍ പകുതിയിലധികവും 15-18 വയസ്സുകാരാണ്. കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ചെയ്ത 988 കേസുകള്‍ക്ക് (21 ശതമാനം) ആധാരമായ അതിക്രമങ്ങള്‍ നടന്നത് കുട്ടികളുടെ വീടുകളില്‍ത്തന്നെ. 15 ശതമാനം പ്രതികളുടെ വീടുകളിലും 20 ശതമാനം പൊതുസ്ഥലങ്ങളിലും വെച്ചായിരുന്നു. ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ നടന്ന എട്ടു കേസുകളും റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.
ഇക്കാലയളവിലെ പ്രതികളില്‍ 76 ശതമാനം പേരും കുട്ടികള്‍ അറിയുന്നവരോ അവരുമായി ബന്ധമുള്ളവരോ ആണ്. ബന്ധുക്കളും സുഹൃത്തുക്കളും കമിതാക്കളും അയല്‍ക്കാരുമെല്ലാം ഉള്‍പ്പെടും.
കൃത്യമായ റിപ്പോര്‍ട്ടിങ്ങുണ്ട്
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇപ്പോള്‍ കൃത്യമായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുണ്ട്. കമ്മിഷന് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ പ്രവര്‍ത്തനം അതിനൊരു കാരണമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും കൗണ്സലര്മാരുമെല്ലാം ഇതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.
-കെ.വി. മനോജ് കുമാര്‍,
ചെയര്മാന്, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്.
വര്‍ഷം, കേസുകള്‍
2013 1,002
2014 1,380
2015 1,569
2016 2,093
2017 2,697
2018 3,185
2019 3,616
2020 3,030
2021 3,322
2022 4,582
2023 4,663