പാമ്പന്‍ ദ്വീപിനെയും രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയില്‍പ്പാലത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തും. ഒക്ടോബര്‍ രണ്ടിന് ചടങ്ങു നടത്താനാണ് തീരുമാനം. ഇതോടെ 22 മാസത്തെ ഇടവേളയ്ക്കുശേഷം രാമേശ്വരത്തേക്കുള്ള തീവണ്ടി സര്‍വീസ് പുനരാരംഭിക്കും.
ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനിയറിങ് വിഭാഗമായ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവില്‍ പാലം പണിതത്. 2.05 കിലോമീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം. 18.3 മീറ്റര്‍ നീളമുള്ള 200 സ്പാനുകളാണ് ഇതിനുള്ളത്.
കപ്പലുകള്‍ക്ക് വഴിയൊരുക്കുന്നതിന് ഉയര്‍ന്നുകൊടുക്കുന്ന നാവിഗേഷന്‍ സ്പാനിന് 63 മീറ്ററാണ് നീളം. ഇത് 17 മീറ്റര്‍ ഉയരത്തിലേക്കു നീങ്ങും. കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഒരു ഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ ‘വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് ‘ പാലമാണ് പാമ്പനിലേത്. രണ്ടുവശത്തേക്കും ചെരിഞ്ഞു പൊങ്ങുന്ന സംവിധാനമായിരുന്നു പഴയപാലത്തിലേത്.
ശ്രീലങ്കയിലേക്ക് ചരക്കുകൊണ്ടുപോകുന്നതിന് അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാരാണ് 1914-ല്‍ പാമ്പനില്‍ പഴയ ഉരുക്കുപാലം പണിതത്. 1988-ല്‍ റോഡുപാലം വരുന്നതുവരെ ഇതായിരുന്നു രാമേശ്വരത്തുള്ളവര്‍ക്ക് വന്‍കരയുമായി ബന്ധപ്പെടാനുള്ള ഏകവഴി. പഴയ റെയില്‍പ്പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം അപകട മുന്നറിയിപ്പിനെത്തുടര്‍ന്ന് 2022 ഡിസംബര്‍ 23 മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇപ്പോള്‍ റോഡുമാര്‍ഗമേ രാമേശ്വരത്ത് എത്താനാവൂ. പുതിയ പാലം തുറക്കുന്നതോടെ കേരളത്തില്‍നിന്നുള്ള അമൃത എക്സ്പ്രസ് ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ രാമേശ്വരംവരെ ഓടും.