പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് മുളങ്കമ്പുകളിൽ കെട്ടിയ തുണിക്കകത്ത് കിടന്ന് ദുരിതയാത്ര. ബി ആൻഡ് സി ബ്ലോക്കിലെ ലിഫ്റ്റ് പണിമുടക്കി ഒരാഴ്ച പിന്നിട്ടിട്ടും ആശുപത്രി അധികൃതർ അനങ്ങാത്തതാണ് ഇത്തരം ജീവന്മരണ യാത്രയ്ക്ക് കാരണം. കഴിഞ്ഞദിവസം രോഗികളെ മുകൾനിലയിൽനിന്നു താഴെയെത്തിച്ചത് തുണിയ്ക്ക് അകത്തുകിടത്തിയാണ്.
മുളങ്കമ്പുകൾ തുണിയിൽ കെട്ടിയുണ്ടാക്കിയ തുണി സ്ട്രെച്ചറിലാണു രോഗികളെ മുകൾനിലയിൽനിന്നു താഴേക്ക് ഇറക്കിയതെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു. ദിവസവും ഏഴും എട്ടും രോഗികളെയാണ് ഇത്തരത്തിൽ ‘തുണി സ്ട്രെച്ചറിൽ’ കൊണ്ടുപോകുന്നത്. കഴിഞ്ഞദിവസം ഇത്തരത്തിൽ കൊണ്ടുപോകുമ്പോൾ രോഗി താഴെ വീണെന്നും ആരോപണമുണ്ട്.
ആശുപത്രിയുടെ മൂന്നാംനിലയിലെ ഓപ്പറേഷൻ തിയേറ്ററിലെത്തിക്കേണ്ട രോഗികളെയും ഓപ്പറേഷൻ കഴിഞ്ഞുകിടക്കുന്ന രോഗികളെയും ഇങ്ങനെ കൊണ്ടുപോകേണ്ട അവസ്ഥയാണ്. ലേബർവാർഡും പീഡിയാട്രിക് ഐ.സി.യു.വും ഇവിടെയാണ്. ഓപ്പറേഷൻ കഴിഞ്ഞ രോഗികൾക്ക് സ്കാനിങ്, എക്സ് റേ എടുക്കേണ്ടി വന്നാലും താഴെയിറങ്ങാൻ മറ്റുവഴിയില്ല. പഴയ കെട്ടിടമായതിനാൽ റാംപ് സൗകര്യം ഇല്ല.
ചുമന്നുമാറ്റാനായി ഒട്ടേറെ ജീവനക്കാരുടെ ആവശ്യമുള്ളതിനാൽ ഇവർ വരുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും പലപ്പോഴും കൂട്ടിരുപ്പുകാർകൂടി സഹായിച്ചിട്ടാണ് രോഗികളെ പുറത്തെത്തിക്കുന്നതെന്നും ആശുപത്രി അധികൃതരോടു പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും രോഗികളുടെ ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ യു.ഡി.എഫ്. പ്രതിഷേധിച്ചു.