കാസര്‍കോട്: കള്ള് ഷാപ്പ് ഉദ്ഘാടനത്തിന് പറശ്ശിനിക്കടവ് മുത്തപ്പന് എത്തുന്നുവെന്ന പരസ്യത്തിനെതിരെ പ്രതിഷേധിച്ച് തീയ്യ മഹാസഭ. കോട്ടയം അതിരമ്പുഴയില്‍ കള്ള് ഷാപ്പ് ഉദ്ഘാടനം അറിയിക്കുന്ന പരസ്യത്തിലായിരുന്നു വിവാദം.
കള്ളും മീനും മലരും തേങ്ങയും സമര്‍പ്പിച്ച് മുത്തപ്പന്റെ അനുഗ്രഹത്തോടെ ആരംഭിക്കുന്നു എന്ന പരാമര്‍ശത്തോടെ പറശ്ശിനിക്കടവ് മുത്തപ്പന്റെ ചിത്രവും വച്ചുള്ള പരസ്യമാണ് വിവാദത്തിനിടയാക്കിയത്.
കള്ള് ഷാപ്പിന്റെ സംരംഭകര്‍ വിശ്വാസി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം രംഗത്തെത്തുകയായിരുന്നു.
പരസ്യം ബന്ധപ്പെട്ടവര്‍ പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം പരസ്യത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ തീയ്യ മഹാസഭ തീരുമാനിച്ചിട്ടുണ്ടെന്നും ഗണേഷ് അരമങ്ങാനം പറഞ്ഞു.
വടക്കേ മലബാറിലെ വിശ്വാസി സമൂഹം ആരാധിക്കുന്ന ദൈവമായ പറശ്ശിനിക്കടവ് മുത്തപ്പനെ പരസ്യത്തിന് ഉപയോഗപ്പെടുത്തിയതാണ് തിയ്യ മഹാസഭയെ ചൊടിപ്പിച്ചത്.
സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി നൂറ്റാണ്ടുകളായി നെഞ്ചിലേറ്റുന്ന ആചാരാനുഷ്ഠാനങ്ങളെ തെരുവില്‍ വലിച്ചിഴയ്ക്കുന്ന ഇത്തരം സ്ഥാപനങ്ങളെയും വ്യക്തികളെയും തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും വിശ്വാസികളുടെ ശക്തമായ പ്രതിഷേധം അലയടിക്കുമെന്നും ഗണേഷ് അരമങ്ങാനം പ്രസ്താവനയില്‍ പറഞ്ഞു.
കോട്ടയം അതിരമ്പുഴയിലെ കള്ള് ഷാപ്പ് ഉദ്ഘാടനം ചെയ്യാന്‍ മുത്തപ്പന് എത്തിയപ്പോള്‍
എന്നാല്‍ സ്ഥാപനത്തിന്റെ ഉദ്ഘാടനം മുന്‍ നിശ്ചയിച്ച പ്രകാരം ഇന്നലെ നടന്നിരുന്നു. നളന് ഷൈന്‍ എന്ന ആളുടേതാണ് കള്ള് ഷാപ്പ്.