തിരുവനന്തപുരം: പാപ്പനംകോട് തീപ്പിടിത്തം കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. എ.സി. പൊട്ടിത്തെറിച്ചതോ ഷോർട്ട് സർക്യൂട്ടോ ആണ് അപകട കാരണമെന്നാണ് പോലീസ് ആദ്യം സംശയിച്ചത്. പിന്നീടുള്ള പരിശോധനകൾ ഇത് തീപ്പിടിത്തം ആസൂത്രിതമാണെന്ന സംശയം ഉണ്ടാക്കി. സ്ഥാപനത്തിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയതാണെന്ന നിലയിലായിരുന്നു പോലീസിന്റെ തുടർന്നുള്ള അന്വേഷണം. ജീവനക്കാരിയായ വൈഷ്ണക്ക് ഒപ്പം മരിച്ചത് ഭർത്താവ് ബിനുവാണെന്ന സംശയവും പിന്നീടുണ്ടായി.
സമീപത്തെ കെട്ടിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ തീപ്പിടിത്തമുണ്ടാകുന്നതിന് തൊട്ടുമുൻപേ ഒരാൾ കയറി പോകുന്നത് കാണാം. ഇത് ബിനുവാണെന്നാണ് പോലീസ് സംശയിക്കുന്നത്. ദൃശ്യങ്ങളിൽനിന്ന് ആളെ തിരിച്ചറിയാനാവുന്നില്ല. കയറിപ്പോയ വ്യക്തി തിരിച്ച് ഇറങ്ങിയിട്ടുമില്ല. ബിനുവിന്റെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. നരുവാമൂട് സ്വദേശിയായ ബിനുവിനെ നാട്ടിൽ പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല.
ഫൊറൻസിക് പരിശോധനയിൽ സ്ഥാപനത്തിൽനിന്ന് ഒരു കത്തി കണ്ടെത്തി. മണ്ണെണ്ണപോലെ തീ കത്തിക്കുന്ന ഒരു ഇന്ധനത്തിന്റെ സാന്നിധ്യവും കണ്ടെത്തി. കത്തിയിൽ രക്തത്തിന്റെ അംശം കണ്ടെത്തിയിട്ടില്ല. ബിനുവും വൈഷ്ണയുമായി ബന്ധപ്പെട്ടവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. വിശദമായ മൊഴികളുടെ അടിസ്ഥാനത്തിലെ സംഭവത്തെക്കുറിച്ച് വ്യക്തത വരികയുള്ളൂ.
അമ്മയെ കാത്ത് ദേവദേവനും വർഷയും
നേമം : രാവിലെ സ്കൂളിലേക്ക് യാത്രയാക്കി ജോലിക്ക് പോയ അമ്മ വൈഷ്ണയെ ഏറെനേരം കാത്തിരുന്നു. അമ്മ മടങ്ങിവരുമെന്ന പ്രതീക്ഷയായിരുന്നു മക്കളായ ദേവദേവനും വർഷയ്ക്കും. അമ്മയ്ക്ക് എന്തോ അപകടം പറ്റിയെന്ന് മാത്രമേ കുട്ടികൾക്കറിയൂ. അപകടമുണ്ടായ ചൊവ്വാഴ്ച വൈഷ്ണയുടെ അമ്മ സുധാകല ഇവർ പഠിക്കുന്ന നേമം യു.പി.സ്കൂളിൽ നിന്നും നേരത്തെ വിളിച്ച് വീട്ടിൽ കൊണ്ടുവരികയായിരുന്നു. വൈഷ്ണയ്ക്ക് തീപ്പിടിത്തത്തിൽ പൊള്ളലേറ്റുവെന്ന് മാത്രമേ സുധാകലയും അറിഞ്ഞിരുന്നുള്ളൂ. വീട്ടിലെത്തിയയുടൻ സുധാകലയോട് അമ്മയെ കൂട്ടിക്കൊണ്ടുവരാൻ കുട്ടികൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
വൈഷ്ണയുടെ സഹോദരൻ വിഷ്ണു മെഡിക്കൽകോളേജ് ആശുപത്രിയിൽ കൂടെയുണ്ടെന്ന് പറഞ്ഞാണ് വിവരമറിഞ്ഞ് പാപ്പനംകോട്ടെ വീട്ടിലെത്തിയ സുധാകലയുടെ സഹോദരിമാർ സുധാകലയേയും കുട്ടികളെയും ആശ്വസിപ്പിച്ചുകൊണ്ടിരുന്നത്. സുൽത്താൻ ബത്തേരി സ്വദേശിയായ സുധാകല ഇരുപത് വർഷം മുൻപാണ് തിരുവനന്തപുരത്തെത്തിയത്. പല സ്ഥലങ്ങളിലും വാടകയ്ക്ക് താമസിച്ചശേഷമാണ് ആറുമാസം മുൻപ് പാപ്പനംകോട് ദിക്കുബലികളത്തിന് സമീപം വാടകയ്ക്കെത്തിയത്. വിഷ്ണു കൈമനത്ത് വർക്ക്ഷോപ്പ് നടത്തുകയാണ്. മക്കളുടെ പേരെഴുതിയ സ്കൂട്ടറിലാണ് വൈഷ്ണ എന്നും ജോലിക്കെത്തുന്നത്. തീപിടിത്തമുണ്ടായപ്പോൾ തന്നെ തൊട്ടടുത്തുള്ള കടക്കാരിലാരോ മാറ്റിവെച്ച സ്കൂട്ടർ റോഡരികിലെ നടപ്പാതയിൽ അനാഥമായിരുന്നു.
സ്ഫോടനശബ്ദം കേട്ട് ഓടിയെത്തി
: പാപ്പനംകോട്ട് ലോട്ടറിക്കട നടത്തുന്ന മുകേഷ് ഉച്ചയ്ക്ക് കടയിലിരിക്കുമ്പോഴാണ് എതിർവശത്ത് പ്രവർത്തിക്കുന്ന ഇൻഷുറൻസ് ഏജൻസിയിൽ വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേൾക്കുന്നത്. ഉടനെ ആ ഭാഗത്തേയ്ക്ക് ഓടി. തീയും പുകയും കാരണം അടുത്തേയ്ക്ക് പോകാൻ സാധിച്ചില്ല, ഇതിനിടയിൽ ഓടിക്കൂടിയ നാട്ടുകാരെല്ലാവരും ചേർന്ന് സമീപത്തെ വീടുകളിൽ നിന്നു ബക്കറ്റിൽ വെള്ളം കോരിയൊഴിച്ച് തീയണച്ചു. സമീപത്തെ ഒരു കടയിൽനിന്നു കിട്ടിയ തീ അണയ്ക്കുന്ന സിലിൻഡറും ഉപയോഗിച്ചു. മുകൾനിലയിലെത്താൻ കഴിയുന്ന കോവണി ഇടുങ്ങിയതായതിനാൽ സമീപത്തെ മെഡിക്കൽസ്റ്റോറിന് സമീപത്തെ മതിൽ ചാടിക്കടന്നാണ് മുകളിലെത്തിയത്. പിന്നീട് അഗ്നിരക്ഷാസേനയെ വിളിച്ചു. അവരെത്തിയപ്പോഴേയ്ക്കും തീ കെടുത്താൻ നാട്ടുകാർക്ക് സാധിച്ചു. സ്ഫോടനാത്മകമായ സ്ഥിതിയിൽ ഓഫീസിലുണ്ടായിരുന്ന ചില്ലുകളെല്ലാം പൊട്ടിത്തെറിച്ചു. അഗ്നിരക്ഷാസേനയെത്തിയാണ് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ പുറത്തെത്തിച്ചത്. ശക്തമായ തീയും പുകയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി.
ഇൻഷുറൻസ് എജൻസിയിൽ തീപ്പിടിത്തം; രണ്ടുപേർ വെന്തുമരിച്ചു
പാപ്പനംകോട്ട് ഇൻഷുറൻസ് ഏജൻസി ഓഫീസിൽ തീപിടിച്ച് ജീവനക്കാരിയടക്കം രണ്ടുപേർ വെന്തുമരിച്ചു. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഏജൻസി ഒാഫീസിലുണ്ടായ തീപ്പിടിത്തത്തിൽ ജീവനക്കാരി പാപ്പനംകോട് ദിക്ക്ബലികളം റോഡ് ശിവപ്രസാദത്തിൽ വൈഷ്ണ(35)യാണ് മരിച്ചത്. മരിച്ച രണ്ടാമത്തെയാൾ വൈഷ്ണയുടെ ഭർത്താവ് നരുവാമൂട് സ്വദേശി ബിനുവാണെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തിൽ കത്തിനശിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്.
െഫാറൻസിക് പരിശോധനാഫലം ലഭിച്ചാലേ കാരണം വ്യക്തമാവുകയുള്ളൂ. വൈഷ്ണയെ ബിനു അപകടപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഒരു കത്തിയും മണ്ണെണ്ണപോലുള്ള ഇന്ധനത്തിന്റെ സാന്നിധ്യവും തീപ്പിടത്തം നടന്ന സ്ഥലത്തുനിന്ന് െഫാറൻസിക് സംഘം കണ്ടെത്തി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം. വൻ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായപ്പോഴാണ് സമീപവാസികൾ ശ്രദ്ധിക്കുന്നത്. പാപ്പനംകോട് സിഗ്നലിനു സമീപത്തെ കെട്ടിടത്തിലെ ഒന്നാംനിലയിലെ ചെറിയ മുറിക്കുള്ളിലാണ് തീ പടർന്നത്. ശീതീകരിച്ച ഓഫീസിന്റെ കണ്ണാടിച്ചില്ലുകൾ പൊട്ടിത്തെറിച്ചു. പരിസരത്തുണ്ടായിരുന്നവരാണ് വെള്ളം കോരിയൊഴിച്ച് തീ കെടുത്തിയത്. ഇതിനാൽ സമീപത്തെ കടകളിലേക്കു തീ പടരുന്നത് ഒഴിവായി. ഇടുങ്ങിയ പടിക്കെട്ടും മുറിയുമായതിനാൽ തീ കെടുത്താൻ ഏറെ ബുദ്ധിമുട്ടായിരുന്നു. കഷ്ടിച്ച് രണ്ട് മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുള്ള ചെറിയ മുറിയിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇവിടെയുണ്ടായിരുന്ന ഉപകരണങ്ങളും സാധനങ്ങളുമല്ലൊം കത്തിനശിച്ചു.
ആറു മാസം മുൻപ് വൈഷ്ണയുടെ ഭർത്താവ് ബിനു എജൻസി ഓഫീസിലെത്തി ബഹളം െവച്ചിരുന്നു. ഇതുസംബന്ധിച്ച് നേമം പോലീസിൽ പരാതി നൽകിയിരുന്നു. ബിനു വീണ്ടുമെത്തി പ്രശ്നമുണ്ടാക്കുന്നതായി വൈഷ്ണ, സഹോദരൻ വിഷ്ണുവിനെ സംഭവത്തിനു തൊട്ടുമുൻപ് വിളിച്ചറിയിച്ചിരുന്നു. വിഷ്ണു എത്തുന്നതിനു മുൻപുതന്നെ എജൻസി ഓഫീസിൽ തീപ്പിടിത്തമുണ്ടായി. നേമം സ്വദേശി മണിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പാപ്പനംകോട് സ്വദേശി സെയിനുലാബ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഏഴു വർഷമായി വൈഷ്ണ ഈ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ്.
നാലു വർഷം മുൻപ് വൈഷ്ണ ആദ്യ വിവാഹബന്ധം വേർപെടുത്തിയിരുന്നു. പിന്നീടാണ് ബിനുവിനെ വിവാഹംകഴിച്ചത്. ആദ്യവിവാഹത്തിൽ രണ്ടു മക്കളുണ്ട്. സുധകലയാണ് വൈഷ്ണയുടെ അമ്മ. മക്കൾ: ദേവദേവ്, വർഷ.