പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ വീണ്ടും വിമര്‍ശനവുമായി ബി.ജെ.പി.നേതാവ് പത്മജാ വേണുഗോപാല്‍. പാലക്കാടൊന്നും ആരുമില്ലേ സ്ഥാനാര്‍ഥിയായി നിര്‍ത്താനെന്നും പത്തനംതിട്ടയില്‍നിന്ന് കൊണ്ടുവരേണ്ടതുണ്ടോ എന്നും പത്മജ ചോദിച്ചു.
കെ. മുരളീധരന് ഒരിക്കലും സ്വന്തം താല്പര്യപ്രകാരം പാലക്കാട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരില്ലെന്നും പത്മജ പറഞ്ഞു. മുരളീധരന് അമ്മക്കുട്ടിയായിരുന്നു. അമ്മ എന്നു പറഞ്ഞാല്‍ അദ്ദേഹത്തിന് അത്ര ജീവനായിരുന്നു. ആ അമ്മയെ പറഞ്ഞ ആരോടും മുരളീധരന് മനസ്സില്‍ ക്ഷമിക്കില്ല. അത് തനിക്ക് അറിയാം. പാര്‍ട്ടി പറഞ്ഞാല്‍ അദ്ദേഹത്തിന് പലതും ചെയ്യേണ്ടിവരും. എന്റെ ജീവിതത്തില്‍ മുരളീധരന് കരഞ്ഞുകണ്ടത് അമ്മ മരിച്ച സമയത്താണ്. അച്ഛന് മരിച്ച സമയത്ത് സ്ട്രോങ്ങായി നിന്നയാളാണ്. അത്രയ്ക്ക് അമ്മയോട് അടുപ്പമുള്ളയാണ്. രാഹുല്‍ ജയിക്കാന്‍ അദ്ദേഹം ഒരിക്കലും മനസ്സില്‍ ആഗ്രഹിക്കില്ല, പത്മജ കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി. സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ പാലക്കാട്ടുകാരനാണ്. കൃഷ്ണകുമാറിനെ 24 മണിക്കൂറും കല്പ്പാത്തിയിലും കാണാം. അവിടെയും കാണാം. ഇവിടെയും കാണാം. ടൗണിലും കാണാം. അങ്ങനൊരാള് എം.എല്‍.എ. ആകുന്നതല്ലേ നമുക്ക് നല്ലത്. അല്ലാതെ പത്തനംതിട്ട അറിയിച്ച് അയാളൊക്കെ വരുമ്പോഴേക്ക് കാര്യങ്ങളൊക്കെ ഇവിടെ കഴിഞ്ഞിട്ടുണ്ടാവും, പത്മജ കൂട്ടിച്ചേര്‍ത്തു.