ബെംഗളൂരു: കര്‍ണ്ണാടക സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഓപ്പറേഷന് താമരയുമായി ബി.ജെ.പി ശ്രമിക്കുന്നതായി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം നല്കി ബിജെ.പി.യിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതായാണ് സിദ്ധരാമയ്യ പറയുന്നത്.
കര്‍ണ്ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി 100 കോടി രൂപ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്യുന്നുവെന്നാണ് ആരോപണം.
‘ഞങ്ങളുടെ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 100 കോടി വാഗ്ദാനം ചെയ്യുന്നുവെന്ന് എം.എല്‍.എ രവികുമാര്‍ ഗൗഡ എന്നെ അറിയിച്ചു. ഓപ്പറേഷന് താമരയിലൂടെ മാത്രമാണ് കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നത്. അല്ലാതെ ജനങ്ങളുടെ ആഗ്രഹപ്രകാരം അവര്‍ ഭരണത്തിലെത്തിയിട്ടില്ല. 2008, 2019 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഓപ്പറേഷന് താമര തന്നെയാണ് ആവര്‍ത്തിച്ചത്,’ സിദ്ധരാമയ്യ പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസിന് 136 എം.എല്‍.എ മാരുണ്ടെന്നും ഇവരില്‍ ആരും പണത്തിന് വശംവദരാവില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. 60 എം.എല്‍.എ മാര്‍ രാജിവെച്ചാല്‍ മാത്രമേ ബി.ജെ.പിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അത് എളുപ്പമല്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.
എന്നാല്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിലാക്കാനുള്ള ശ്രമം ബി.ജെ.പി കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലങ്ങള്‍ മുതലേ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാണ്ഡ്യ എം.എല്‍.എ ഗൗഡക്ക് 50 കോടിയായിരുന്നു വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇന്ന് അത് ഇരട്ടിയായി 100 കോടിയില്‍ എത്തിനില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
കഴിഞ്ഞ വര്‍ഷവും ഓപ്പറേഷന് താമരയിലൂടെ ബി.ജെ.പി, കോണ്‍ഗ്രസ് എം.എല്‍.എമാരെ ലക്ഷ്യം വെച്ച് പണം വാഗ്ദാനം ചെയ്തതായി രവികുമാര്‍ ഗൗഡ തന്നെ പറഞ്ഞിരുന്നു. ഇതിനായി നാല് നിയമസഭാംഗങ്ങളെ ബന്ധപ്പെട്ടെന്നും തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബി.ജെ.പി ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്, കേന്ദ്ര മന്ത്രി ശോഭ കരന്ദ്ലജെ, പ്രഹ്ളാദ് ജോഷി, എച്ച്.ഡി കുമാരസ്വാമി എന്നിവരാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നും ഗൗഡ ആരോപിച്ചു.
എന്നാല്‍ തനിക്കെതിരെ വരുന്ന വസ്തുതാ വിരുദ്ധമായ ആരോപണമായ മുഡ ഭൂമിയിടപാട് കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.