ചട്ടഞ്ചാൽ (കാസർകോട്): ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭം വാഗ്ദാനം ചെയ്ത് 3.25 ലക്ഷം രൂപ തട്ടിയ കേസന്വേഷിച്ചെത്തിയ ഇൻസ്പെക്ടറെയും പോലീസുകാരനെയും കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച പ്രതി ഒളിവിൽ. മേൽപ്പറമ്പിലെ ഇബ്രാഹിം ബാദുഷയെയാണ് പോലീസ് തിരയുന്നത്. പാലക്കാട് മങ്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. പ്രതാപ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സി. സുനീഷ് എന്നിവരെയാണ് ഇബ്രാഹിം ബാദുഷ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്.
സംഭവത്തിൽ രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് മങ്കര ഇൻസ്പെക്ടർ എ. പ്രതാപ് പറഞ്ഞു. തന്നെയും സി.പി.ഒ. സുനീഷിനെയും കാറിടിപ്പിച്ചെങ്കിലും സാരമായ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് മേൽപ്പറമ്പ് കൈനോത്ത് ജാസ് ക്ലബ്ബിന് മുന്നിലായിരുന്നു സംഭവം. പാലക്കാട് മണ്ണൂർ വെസ്റ്റ് കോട്ടക്കുന്ന് ആനക്കല്ലിൽ ഹൗസിലെ എ.കെ. മോഹൻദാസിന്റെ പരാതിയിൽ മങ്കര പോലീസ് ഓഗസ്റ്റ് 18-നാണ് ഐ.ടി. നിയമപ്രകാരം കേസെടുത്തത്.
ഓഗസ്റ്റ് മൂന്നിനും പതിനാറിനുമിടയ്ക്ക് നാലുലക്ഷം രൂപ തട്ടിച്ചെന്നാണ് പരാതി.
ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻലാഭം വാഗ്ദാനം ചെയ്ത്, അഞ്ചുതവണയായി തുക തട്ടിച്ചു. ഇതിൽ കുറച്ചു പണം മാത്രമാണ് തിരിച്ചുകിട്ടിയത്. തുക കാസർകോട്ടെ ഒരു അക്കൗണ്ടിലേക്കാണ് പോയതെന്നു മനസ്സിലാക്കിയ പോലീസ് ചൊവ്വാഴ്ച രാത്രി തീവണ്ടിയിൽ കാസർകോട്ടേക്ക് തിരിച്ചു. കാസർകോട് ഉദുമയിൽ, ചെക്ക് വഴി തുക പിൻവലിച്ച മുഹമ്മദ് അജ്മലിനെ കണ്ടെത്തി. മേൽപ്പറമ്പ് സ്റ്റേഷനിൽനിന്ന് ഒരു പോലീസുകാരനും സഹായത്തിനുണ്ടായിരുന്നു. തനിക്ക് ഇതിൽ കമ്മിഷൻ മാത്രമാണ് ലഭിക്കുന്നതെന്നും തുകയിൽ ഭൂരിഭാഗവും ഇബ്രാഹിം ബാദുഷ എന്നൊരാൾക്ക് കൈമാറിയെന്നും അജ്മൽ അറിയിച്ചു. അജ്മലിനെക്കൊണ്ട് ഇബ്രാഹിം ബാദുഷയെ വിളിപ്പിച്ച് സ്ഥലത്തെത്താൻ ആവശ്യപ്പെട്ടു.
മേൽപ്പറമ്പ് കൈനോത്ത് ജാസ് ക്ലബ്ബിനുമുന്നിൽ ഇബ്രാഹിം ബാദുഷ എത്തി. എന്നാൽ, ഇറങ്ങാതെ ഇയാൾ കാറിൽത്തന്നെ ഇരുന്നു. കാറിന് അഭിമുഖമായി തൊട്ടടുത്ത് ഓട്ടോയിൽ വന്നിറങ്ങുകയായിരുന്നു പ്രതാപ്. എല്ലാവരും സാധാരണ വേഷത്തിലായിരുന്നു. എങ്കിലും പോലീസാണെന്നു മനസ്സിലാക്കിയ ഇബ്രാഹിം ബാദുഷ കാർ മുന്നോട്ടെടുത്തു. കാറിന്റെ മുൻഭാഗത്തേക്ക് വന്നുകൊണ്ടിരുന്ന തനിക്ക് ചെറുതായി മാറാനേ അവസരം കിട്ടിയുള്ളൂവെന്നും അപ്പോഴേക്കും കാർ അരക്കെട്ടിൽ ഇടിച്ചെന്നും താൻ വീണെന്നും ഇൻസ്പെക്ടർ പറഞ്ഞു. സുനീഷിനെയും കാറിടിച്ചെങ്കിലും കാര്യമായ പരിക്കേറ്റില്ല. ഇടിച്ചശേഷം കാർ അതിവേഗം പാഞ്ഞുപോയി.
വണ്ടിയിടിച്ചതിനാൽ, ആദ്യം സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് കാസർകോട്ടെ ജനറൽ ആശുപത്രിയിലും ചികിത്സ തേടി. സാരമായ പരിക്കുകളില്ലെന്ന് മനസ്സിലായതോടെ ബുധനാഴ്ച രാത്രിതന്നെ രണ്ടുപേരും നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഇബ്രാഹിം ബാദുഷയുടെ പേരിൽ മേൽപ്പറമ്പ് പോലീസ് കേസെടുത്തു.