ന്യൂഡൽഹി: ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനുള്ള തുടർനടപടി സജീവമാക്കി കേന്ദ്രസർക്കാർ.
വിയോജിച്ചുനിൽക്കുന്ന പ്രതിപക്ഷകക്ഷികളുമായുള്ള സമവായചർച്ചകൾക്ക് മന്ത്രിമാരായ രാജ്നാഥ് സിങ്, അർജുൻ റാം മേഘ്വാൾ, കിരൺ റിജിജു എന്നിവരെ ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. കോവിന്ദ് സമിതി നിർദേശങ്ങളുടെ നടത്തിപ്പിനുള്ള മേൽനോട്ട സമിതിയാകും കരട് ബിൽ തയ്യാറാക്കുക. ഇത് ഡിസംബറിൽ ചേരുന്ന പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ അവതരിപ്പിക്കാനാണ് നീക്കം.
പ്രതിപക്ഷകക്ഷികളെ വിശ്വാസത്തിലെടുക്കാനുള്ള നീക്കം എത്രത്തോളം വിജയിക്കുമെന്നത് ചോദ്യചിഹ്നമാണ്. കോവിന്ദ്സമിതി റിപ്പോർട്ട് തയ്യാറാക്കുംമുമ്പ് 47 പാർട്ടികളുടെ അഭിപ്രായം തേടിയതിൽ 32 പാർട്ടികളാണ് അനുകൂലിച്ചത്. ഇതിൽ ബി.ജെ.പി. സഖ്യകക്ഷിയായിരുന്ന ബിജു ജനതാദൾ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷം സ്വരം മാറ്റി. നിയമവശങ്ങളിൽ വിശദമായ സൂക്ഷ്മപരിശോധനകൾക്കുശേഷമേ ഇത് നടപ്പാക്കാവൂവെന്നാണ് ബി.ജെ.ഡി. നിലപാട്. ലോക്സഭയിൽ അവർക്ക് അംഗങ്ങളില്ലെങ്കിലും രാജ്യസഭയിൽ ഏഴ് അംഗങ്ങളുണ്ട്.
നിർണായകമായ ഭരണഘടനാഭേദഗതികൾക്ക് മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. പ്രതിപക്ഷം എതിർപ്പ് മാറ്റാത്തിടത്തോളം ഒറ്റത്തിരഞ്ഞെടുപ്പ് പ്രവൃത്തിപഥത്തിലെത്തിക്കുക എളുപ്പമല്ല.